29.1 C
Kollam
Monday, December 30, 2024
HomeEntertainmentസൈക്കിൾ പുരാണം വീണ്ടും; തിരിച്ചു വരവിന്റെ കാലം ഇനി അതി വിദൂരമല്ല

സൈക്കിൾ പുരാണം വീണ്ടും; തിരിച്ചു വരവിന്റെ കാലം ഇനി അതി വിദൂരമല്ല

കാലത്തിന്റെ കുത്തൊഴുക്കിൽ സൈക്കിൾ യുഗം അവസാനിച്ചുവെന്ന് പറയാൻ വരട്ടെ ! അത് രാജപ്രൗഢിയോടെ തിരിച്ചു വരുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട. ലോക രാജ്യങ്ങളിൽ പലയിടങ്ങളിലും  ഇപ്പോഴും സൈക്കിളിന്റെ ഉപയോഗവും പ്രചാരവും വലിയ വ്യത്യാസം  കൂടാതെ നില്ക്കുകയാണ്. ചുരുക്കി പറഞ്ഞാൽ; സൈക്കിൾ നല്കുന്ന സന്ദേശം ഏറെ വലുതാണ്. മനസിനും ആരോഗ്യത്തിനും ഇത്രയേറെ  ഫലപ്രദമായ ആശ്വാസം നല്കുന്ന  മറ്റൊരു ഉപാധി വേറെയിയെന്നതാണ് ഏറെ സ്പഷ്ടം.

ചരിത്രവും യഥാർത്ഥ്യവും

16-ാം നൂറ്റാണ്ടിന് മുമ്പ്  ലിയാനോഡോ ഡാവിഞ്ചിയുടെ ശിഷ്യൻ ഗൃപുഗ്യകോമോ കം പ്രോഡിയാണ് സൈക്കിളിന്റെ പ്രവർത്തനങ്ങൾക്ക് രൂപം നല്കിയത്. മുന്നിൽ ചെറിയ ചക്രവും പിറകിൽ അതിന്റെ 10 ഇരട്ടി വിസ്താരമുള്ള ചക്രവും അതിന് മുന്നിൽ തടിയിൽ തീർത്ത സീറ്റുമുള്ള ഫ്രണ്ട് വീലിൽ ചവിട്ടിക്കറക്കാവുന്നരീതിയിൽ തടിയിലുള്ള പെഡൽ ക്രമീകരിച്ചുമാണ് ആദ്യത്തെ സൈക്കിൾ രൂപകല്പന ചെയ്തത്. തുടർന്ന് ഇന്നത്തെപ്പോലെ ബയന്റിംഗ് സിസ്റ്റം അതായത്, പെഡൽ ചവിട്ടി കറക്കുന്ന രീതിയിൽ ആധുനിക രീതിയിൽ തുടക്കമിട്ടത് 19-ാം നൂറ്റാണ്ടിന്റെ ആരംഭദശയിലാണ്. ഇതിന്റെ പ്രണേതാക്കൾ തോമസ് മാർക്കോൾ ആണെന്നും അതല്ല, കിർക്ക് പാട്രിക്ക് മില്ലാനാണെന്നും രണ്ട് അഭിപ്രായമുണ്ട്. എന്നാൽ, ചരിത്ര രേഖകളിൽ മാക്മില്ല നാണ് പ്രഥമസ്ഥാനം.

ആരംഭവും വികാസവും

സൈക്കിൾ ഇന്ത്യയിൽ ആദ്യം കടൽ കടന്നെത്തുന്നത് യൂറോപ്പിലെ ബർമിംഗ്ഹാമിൽ നിന്നായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് വന്ന ആദ്യ സൈക്കിളിനെ ഇംഗ്ലീഷ് റാലി എന്ന് വിളിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ച് റാലി,ഹെർക്കുലീസ്, ഫിലിപ്സ്, റോബിൻഗുഡ്, ഹമ്പർ , റഡ്ജ് സൈക്കിളുകളും വന്നു തുടങ്ങി. ഇന്ത്യയിൽ സെന്നും പണ്ഡിറ്റും കൂടി കൽക്കത്തയിലെ അൻസോളിൽ നിന്നും സെൻറ് ആൻറ് പണ്ഡിറ്റ് ലിമിറ്റഡ്;  തമിഴ് നാട്ടിലെ അമ്പത്തൂരിൽ നിന്നും ടി ഐ സൈക്കിൾസ് 1950 ന് ശേഷം പുറത്തിറക്കി. ഇതിന് ഇംഗ്ലണ്ടിലെ കമ്പനിക്ക് റോയൽറ്റി കൊടുത്തിരുന്നു. 1985 ഓടെ ഇന്ത്യയിൽ റാലി സൈക്കിൾ ഉത്പാദനം നിർത്തി. അതിന് മുമ്പായി കേന്ദ്ര ഗവൺമെന്റ് റാലി സൈക്കിൾ കമ്പനി ഏറ്റെടുത്തു. സൻ റാലി ലിമിറ്റഡ് എന്ന പേരിൽ പിന്നീട് സൈക്കിൾ കോസ് ഒഫ് ഇന്ത്യ എന്ന ബ്രാന്റുകൾക്ക് മാറ്റവും സംഭവിച്ചു. റാലി, റഡ്ജ്, ഹമ്പർ, റബിൻഗുഡ് എന്നീ പേരുകൾക്ക് മാറ്റമുണ്ടായില്ല. പക്ഷേ, ഇവയെല്ലാം മണ്ണടിഞ്ഞു. എന്നാൽ, ഹെർക്കുലീസ്, എലിപ്സ്, ബി എസ് എ സൈക്കിളുകൾ ലഭ്യമായി. അവ ഇന്നും മാർക്കറ്റിൽ സുലഭമാണ്.

സൈക്കിളും ആരോഗ്യവും

മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ പ്രധാന വിഷയം ആത്മവിശ്വാസമില്ലായ്മയും മറ്റുള്ളവരെ അഭിമുഖീകരിക്കാൻ കഴിവില്ലായ്മയുമാണ്.  സൈക്കിൾ സവാരിയിലൂടെ സമൂഹവുമായി അടുത്തിടപഴകാനും അതു വഴി സുഹൃദ് സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. അതോടൊപ്പം മനസിന്റെ ആത്മവിശ്വാസവും വർദ്ധിക്കുന്നു.

ഡച്ച് ശാസ്ത്രഞ്ജൻ മാർ നടത്തിയ പഠനത്തിൽ സൈക്കിൾ സവാരി ചെയ്ത കുട്ടികൾ മറ്റ് കുട്ടികളെക്കാൾ ശാരീരികമായും ബുദ്ധിപരമായും മികച്ചു നില്ക്കുന്നതായി കണ്ടെത്തി. കാലിഫോർണിയായിൽ വയോജനങ്ങളിൽ നടത്തിയ പഠനത്തിൽ സ്ഥിരമായി സൈക്കിൾ യാത്ര ചെയ്യുന്നവർക്ക് മസ്തിഷ്ക്കത്തിന്റെ അപചയം മറ്റുള്ളവരേക്കാൾ 5 ശതമാനത്തോളം കുറവാണെന്നും അതു വഴി അൽഷൈമേഴ്സ് രോഗ സാധ്യത കുറവാണെന്നും കണ്ടെത്തി. പാർക്കിൻസൺ രോഗബാധിതരിൽ നടത്തിയ പഠനവും വ്യത്യസ്തമായിരുന്നില്ല.

കുട്ടികളിലെ ശ്രദ്ധയില്ലായ്മ പിരുപിരുപ്പൻ സ്വഭാവം എന്നിവയിൽ സൈക്കിൾ സവാരി പ്രയോജന പ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ ചികിത്സക്ക് നല്കുന്ന മസ്തിഷ്ക ഉത്തേജക മരുന്നുകൾക്ക് സമാനമായ ഫലം ഒരു പരിധിവരെ സൈക്കിൾ സവാരിക്കും നല്കാൻ കഴിയുന്നു.

വിഷാദ രോഗം ബാധിച്ചവരിൽ സൈക്കിൾ സവാരി വളരെയധികം ഫലപ്രദമാണെന്ന് കാണപ്പെട്ടു. അവരിൽ മസ്തിഷ്ക്കത്തിലെ നാഡീരസങ്ങളിലെ വ്യതിയാനം വളരെയധികം പരിഹരിക്കപ്പെടുന്നതായും മനസിന് ശാന്തതയും സന്തോഷവും കൈവരിക്കുന്നതായും കാണാൻ കഴിഞ്ഞു.ഏതു പ്രായക്കാർക്കും അനായാസം ചെയ്യാവുന്ന ലഘു വ്യായാമം മനസിനും ശരീരത്തിനും പരിസ്ഥിതിക്കും സാമ്പത്തിക ലാഭത്തിനും ഉചിതമാണ്.

സൈക്കിളിന്റെ തിരിച്ച് വരവ്

ലോകമാകമാനം സൈക്കിൾ തിരിച്ചു വരവിന്റെ പാതയിലാണ്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ചൈന, തായ്ലന്റ്, തായ്‌വാൻ, ജപ്പാൻ, കൊറിയ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങി ലോകത്തെ 85 ശതമാനം രാജ്യങ്ങളും സൈക്കിൾ യാത്രയെ പ്രോത്സാഹിക്കുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളിൽ മിക്കയിടങ്ങളിലും സൈക്കിൾ സവാരിക്ക് ഉതകും വിധം റോഡുകളിൽ സൈക്കിൾ ട്രാക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗത്ത് സൈക്കിൾ എന്ന് രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

സൈക്കിൾ നിർമ്മാണം ഇന്ത്യയിൽ

യൂറോപ്പിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിൽ സൈക്കിൾ നിർമ്മാണം ആരംഭിച്ചത്. അതോടെ ലോകത്തിലെ ഏറ്റവും അധികം സൈക്കിൾ ഉത്പാദിപ്പിച്ചിരുന്ന രാജ്യമായി ഇന്ത്യയ്ക്ക് മാറാൻ കഴിഞ്ഞത് ഒരു ചരിത്രമായി നില്ക്കുന്നു. എന്നാൽ, ഉത്പാദന രംഗത്ത് ചൈനയുടെ കുതിച്ചു കയറ്റം കുറെയേറെ ഇതിന് മങ്ങൽ ഏല്പിച്ചു.

ഇന്ത്യയിലെ ആദ്യത്തെ സൈക്കിൾ നിർമ്മാണ കമ്പനി “അറ്റ്ലസ്” ആണ്. അവർ ഇന്ത്യയിലെ തന്നെ വൻകിട നിർമ്മാതാക്കളായിരുന്നു. 1950 വരെ. അതിന് ശേഷം “ഹീറോ” സൈക്കിൾ കമ്പനി മുന്നിലെത്തി. ലോകത്തിലെ തന്നെ ഒന്നാം കിട നിർമ്മാതാക്കളായി.

ഇന്ത്യയിലെ പ്രമുഖ സൈക്കിൾ നിർമ്മാതാക്കളായ ഹീറോ, ആവോൺ, അറ്റ്ലസ്, നീലം, എസ് കെ , ലീഡർ, സഫാരി, കെ ഡബ്ലു, ജി എൻ ബി, ഡി എൻ എസ് , ഹൈ ബേർഡ് തുടങ്ങി 100 ൽ അധികം കമ്പനികളുണ്ട്. അനുബന്ധ സാധനങ്ങൾ നിർമ്മിക്കുന്ന 3000 ത്തിൽ പരം യൂണിറ്റുകളും ഇന്ത്യയിൽ നിലനില്ക്കുന്നു.

കയറ്റുമതിയിൽ ഹീറോ സൈക്കിൾ കമ്പനി ഇന്ത്യയിൽ ഇന്നും മുൻപന്തിയിലാണ്.

ചൈനയിൽ ഉത്പാദനം വർദ്ധിച്ചത് ഇന്ത്യയിൽ ഈ വ്യവസായത്തെ സാരമായി ബാധിച്ചു.

ചൈന, തായ്ലൻഡ്, തായ്‌വാൻ, ശ്രീലങ്ക, ജപ്പാൻ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ നിന്നെല്ലാം സൈക്കിളുകളും അനുബന്ധ സാധനങ്ങളും ഇന്ത്യയിൽ എത്തുന്നുണ്ട്. അതിൽ ” ഹ്യൂലായ് ” കമ്പനിയുടെ ഉത്പന്നങ്ങൾ അതി നിലവാരം പുലർത്തുന്നവയാണ്. 2500 രൂപയിൽ തുടങ്ങി 8 ലക്ഷം രൂപ വരെ വിലയുള്ള സൈക്കിളുകൾ ഇന്ത്യയിൽ എത്തുന്നുണ്ട്.

സൈക്കിളും കൊല്ലവും കരുനാഗപ്പള്ളിയും

സൈക്കിളുകളുടെ പ്രധാനപ്പെട്ട പണികൾ ചെയ്യുന്നവർക്ക് ഒരു കാലത്ത് നല്ല ഡിമാന്റായിരുന്നു. കരുനാഗപ്പള്ളിയിൽ കരോട്ടു മുക്കിലെ കൊച്ചു നാരായണനാചാരിയും പനയന്നാർകാവിലെ ചെല്ലപ്പനാചാരിയും വെറ്റ മുക്കിലെ കൃഷ്ണനാചാരിയും നിപുണരായ സൈക്കിൾ റിപ്പയറൻ മാരായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ നിന്നും വന്നിരുന്ന ഇംഗ്ലീഷ് റാലി സൈക്കിളിന്റെ ത്രീ സ്പീഡ്, ഹബ്ബ് ബ്രേക്ക് സിസ്റ്റം എന്നിവ.

ശാസ്ത്ര പുരോഗതിയിൽ സൈക്കിളിൽ വന്ന പരിവർത്തനം ഹബ്ബിനെ പുറത്തേക്കാക്കി 3 സ്പീഡു മുതൽ 21 സ്പീഡു വരെയുള്ള ഹബ്ബുകൾ ഫിറ്റു ചെയ്ത സൈക്കിളുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ഇവ ജപ്പാനിലെ ഷിമേഗി കമ്പനിയിൽ നിന്നാണ് വരുന്നത്.

ഈ ഹബ്ബിന്റെ നിർമ്മാണ പ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ചത് കരുനാഗപ്പള്ളിയിലെ തേവലക്കര സ്വദേശി പരമു ആചാരിയായിരുന്നു. അദ്ദേഹം മിലിട്ടറിക്കാർക്കു വേണ്ടി നിർമ്മിച്ച സൈക്കിളിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനുതകും വിധമുള്ള ഗിയർ സിസ്റ്റമാണ് ” ഷിമാനോ” ഉത്പാദിപ്പിക്കുന്ന പ്രോഡക്ടിന് പ്രേരകമായത്. അന്ന് പരമു ആചാരി ബാംഗ്ലൂരിലെ ഒരു പ്രമുഖ മെക്കാനിക്കായിരുന്നു.

കരുനാഗപ്പള്ളിയിലെ കോഴിക്കോട് സൈക്കിൾ ഗ്രാമം

സൈക്കിൾ യാത്ര ശീലമാക്കൂ … ആരോഗ്യം സംരക്ഷിക്കൂ … ഇന്ധനം ലാഭിക്കൂ… അന്തരീക്ഷ മലിനീകരണം കുറയ്ക്കൂ … എന്ന സന്ദേശമുയർത്തി കരുനാഗപ്പള്ളിയിൽ കോഴിക്കോട് ഗ്രാമത്തിൽ 2013 ൽ സൈക്കിൾ ഗ്രാമം ആരംഭിച്ചു. ഒരു പറ്റം ഗ്രാമവാസികളെ ഈ സംരംഭത്തിൽ ആകർഷിച്ചു. ആദ്യം പത്തംഗങ്ങളിൽ തുടങ്ങിയ സൈക്കിൾ ഗ്രാമത്തിൽ ഇപ്പോൾ ഇരുനൂറിലേറെ പേർ അംഗങ്ങളായിട്ടുണ്ട്. ഇതൊരു മാതൃക പദ്ധതിയാണ്. ഹൃസ്വ ദൂര യാത്രകൾക്കും പ്രഭാത സവാരിക്കും അംഗങ്ങൾ സൈക്കിൾ ഉപയോഗിച്ച് വരുന്നു. സൈക്കിൾ സവാരി പരിസ്ഥിതി പരിപാലനവും ആരോഗ്യ സംരക്ഷണവും ഒരേ സമയം ഉറപ്പാക്കുന്നു. കരുനാഗപ്പള്ളി നഗരസഭയിലെ 20 മുതൽ 31 വരെയുള്ള ഡിവിഷനുകൾ ഉൾപ്പെട്ടതാണ് കോഴിക്കോട് ഗ്രാമം. ഇത് കേരളത്തിലെ ആദ്യത്തെ സൈക്കിൾ ഗ്രാമം കൂടിയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments