അനന്തപുരിയില്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും ദാസേട്ടനെത്തി. സംഗീത സാന്ദ്രമായ ആ നിമിഷത്തില്‍ ഗന്ധര്‍വ്വന്റെ അമൃത സംഗീതം നുകരാന്‍ ആസ്വാദക വൃന്തം തടിച്ചു കൂടി. വേദിയില്‍ ദാസേട്ടന്റെ ശുത്രി മധുര ലയ തരള നാദം കേള്‍ക്കാന്‍ ഗന്ധര്‍വ്വ പത്‌നി പ്രഭാ യേശുദാസും എത്തിയിരുന്നു. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന പൗര്‍ണ ചന്ദ്രനും ഒളി കണ്ണിട്ട് ഗന്ധര്‍വ സംഗീതത്തെ തന്നിലേക്ക് ആവാഹിച്ചു. നക്ഷത്രങ്ങള്‍ തന്റെ ഇന്ദ്ര നീല കണ്ണുകള്‍ ചിമ്മി ഗന്ധര്‍വന് ദീര്‍ഘാശംസകള്‍ നേര്‍ന്നു. ശാസ്ത്രീയ സംഗീതത്തിന്റെ ആലാപന മാധുരിയില്‍ പ്രിയ ശിഷ്യന്റെ നാദ വിന്യാസങ്ങള്‍ക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവര്‍ പകര്‍ന്നു നല്‍കിയ ശിക്ഷണത്തിന്റെ അടക്കവും ഒതുക്കവും ഉണ്ടായിരുന്നു. തിങ്ങി നിറഞ്ഞ സംഗീത ആസ്വാദകര്‍ സൂര്യ ഫെസ്റ്റിവല്‍ ഒരുക്കിയ വേദിയില്‍ ദാസേട്ടന്റെ ലയ മഴയില്‍ ലയിച്ചിരുന്നു.