തൊട്ടതെല്ലാം പൊന്നാക്കിയ താരം, തുറന്നു പറച്ചിലുകളും നിലപാടുകളും ചങ്കുറപ്പുമുള്ള വ്യക്തിത്വത്തിന്റെ ഉടമ, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍, ഗായകന്‍ തുടങ്ങിയ എല്ലാ മേഖലകളിലും തന്റേതായ വ്യക്രിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ ഒരേ ഒരു യുവ സൂപ്പര്‍ താരം. പൃഥ്വിരാജ് സുകുമാരന് ഇന്ന് 39 – ആം പിറന്നാള്‍ ദിനം. രഞ്ജിത്തിന്റെ നന്ദനം ചിത്രത്തിലൂടെ പടിപ്പുര വാതില്‍ തുറന്ന് വന്ന ആ നടന്‍ കാലു കുത്തിയത് മലയാള സിനിമയിലേക്ക് കൂടിയായിരുന്നു. നക്ഷത്ര കണ്ണുള്ള രാജകുമാരന്‍, സ്റ്റോപ്പ് വയലന്‍സ് തുടങ്ങിയ തുടക്കകാലത്തിലെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ അത്ര വിജയമായിരുന്നില്ല. പൃഥ്വി നായകനായി ഇറങ്ങിയ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, സത്യം എന്നീ വിനയന്‍ ചിത്രങ്ങള്‍ തീയറ്ററില്‍ വിജയം നേടിയില്ല. പക്ഷേ, നന്ദനത്തിന് ശേഷം ഇറങ്ങിയ ചിത്രങ്ങളില്‍ അധികവും ശരാശരിയായിരുന്നെങ്കിലും പൃഥ്വി എന്ന നടന്‍ തളര്‍ന്നില്ല. കാലം വിജയചിത്രങ്ങള്‍ പൃഥ്വിക്ക് സമ്മാനിക്കാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.കമലിന്റെ സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കള്ളക്കാമുകന്‍ പൃഥ്വിയെ മലയാളിയുടെ പ്രിയ താരമാക്കി. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഉണ്ടായിരുന്ന ചിത്രത്തില്‍ കയ്യടി ഏറെ കിട്ടിയത് പൃഥ്വിക്കായിരുന്നു. തുടര്‍ന്ന് നല്ല ചിത്രങ്ങളിലൂടെയും കൊമേഴ്സ്യല്‍ ചിത്രങ്ങളിലൂടെയും പൃഥ്വി ഒരു പോലെ മുന്നേറി.അമ്മക്കിളിക്കൂട്, ചക്രം, അകലെ, വര്‍ഗം, വാസ്തവം, തിരക്കഥ, ദൈവനാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത ഭാവങ്ങളില്‍ പൃഥ്വിയെ നാം കണ്ടു. അതില്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇരുപത്തിനാലാം വയസ്സില്‍ പൃഥ്വിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.സ്വപ്നക്കൂടിന് ശേഷം പൃഥ്വിക്ക് സൂപ്പര്‍ഹിറ്റ് വിജയം ലഭിച്ചത് ക്ളാസ്മേറ്റ്സിലൂടെയായിരുന്നു. ഇതും മള്‍ട്ടി യുവതാര ചിത്രമായിരുന്നു. പൃഥ്വിയുടെ സോളോഹിറ്റ് എന്ന് പറയാവുന്ന ചിത്രം ചോക്ളേറ്റ് ആയിരുന്നു. ഇതിനിടയില്‍ തിരക്കഥ, മഞ്ചാടിക്കുരു, തലപ്പാവ് തുടങ്ങിയ മികച്ച ചിത്രങ്ങളിലും പൃഥ്വി നായകനായി.2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വി തമിഴിലുമെത്തി. മണിരത്നത്തിന്റെ ചിത്രത്തിലെ വേഷം പൃഥ്വിക്ക് കിട്ടിയ അംഗീകരവുമായിരുന്നു. രാവണന്‍ എന്ന ചിത്രത്തില്‍ വിക്രമിനൊപ്പം പൃഥ്വി മത്സരിച്ചഭിനയിച്ചു. 2010ല്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയ വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിലും നായകനായി പൃഥ്വി.പിന്നിടങ്ങോട്ട് വിജയ യാത്രയായിരുന്നു ആ നടന്. അദ്ദേഹം വളര്‍ന്നതോടൊപ്പം മലയാള സിനിമയെ അദ്ദേഹം വളര്‍ത്താന്‍ ശ്രമിച്ചു. ലൂസിഫര്‍ എന്ന സിനിമയിലൂടെ അദ്ദേഹം സംവിധാന രംഗത്തും ചുവടുറപ്പിച്ചു. 200 കോടി ക്ലബില്‍ കയറിയ ആദ്യത്തെ മലയാള സിനിമയെന്ന ബഹുമതിയും ലൂസിഫര്‍ കരസ്ഥമാക്കി.ഭ്രമമാണ് പൃഥ്വിരാജിന്റേതായി അടുത്തിടെ റിലീസായ ചിത്രം. ‘അന്ധാദുന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അടുത്തതായി ഇറങ്ങുന്ന ‘ബ്രോ ഡാഡിയും’ പ്രേക്ഷകര്‍ അവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്.