സംഗീതത്തില്‍ പ്രത്യക്ഷമായി രണ്ടു വിഭാങ്ങളുണ്ട്. യൂറോപ്യന്‍മാര്‍ അതിനെ പ്രോഗ്രാം മ്യൂസിക്ക് എന്നും അബ്സ്ട്രാക്റ്റ് മ്യൂസിക് എന്നും വിഭജിക്കുന്നു.
നമ്മുടെ നാട്ടില്‍ അത് പലതരത്തില്‍ വ്യവഹരിക്കുന്നു. എന്നാല്‍, മൌലീകമായ വിഭജനം പാശ്ചാത്യരുടേയും നമ്മുടെയും ഒന്ന് തന്നെ. പ്രോഗ്രാം മ്യുസിക് എന്ന് വെച്ചാല്‍, ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് എഴുതുന്ന വരികളും അതിനു നല്‍കുന്ന സംഗീതവുമാണ്. നമ്മുടെ പ്രബന്ധ കൃതികളും ആട്ടക്കഥ പദങ്ങളും നാടകസംഗീതവും എല്ലാം ഇതില്‍പ്പെടുന്നു.
അബ്സ്ട്രാക്റ്റ് മ്യൂസിക്ക് എന്ന് വെച്ചാല്‍, പാശ്ച്യാത്യര്‍ക്ക് കേവലസംഗീതമാണ്.അതായത്, ട്യൂണ്‍ മാത്രം. ഓര്‍ക്കസ്ട്രെയില്‍ പലതും അങ്ങനെയാണ്. ഇവിടെ രാഗം കേവല സംഗീതമാണ്.ബാക്ക്ഗ്രൌണ്ട് മ്യുസിക് പോലുള്ളതും കേവലസംഗീതമാണ്. കീർത്തനങ്ങൾ പോലും പലപ്പോഴും കേവലസംഗീതത്തിന്റെ നിലയില്‍ ഉണ്ടാവാറുണ്ട്.
സിനിമ സംഗീതം പ്രോഗ്രാം മ്യുസിക് ആണോ? ആണെന്നും അല്ലെന്നും പറയാം. അവിടെയാണ് സാഹിത്യ മേന്മ, ലാളിത്യം, ആശയാവിഷ്ക്കരണം, എന്നീ വിഷയങ്ങള്‍ വരുന്നത്. കുറച്ചു നാള്‍ മുമ്പ് വരെ ക്ലാസിക്കല്‍ സംഗീതത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള അര്‍ദ്ധക്ലാസ്സിക്കും ലളിതമായ ഈണങ്ങളുമായിരുന്നു സിനിമയില്‍ ഉണ്ടാക്കിയിരുന്ന സംഗീതം മുഴുവനും. ആ ശൈലിയില്‍ പ്രത്യേക നിഷ്ണാതനും വിദഗ്ദ്ധനുമാണ് ഫിലിം മ്യുസിക് ചെയ്തിരുന്നത്.
കാലം മാറി വന്നു. ബീറ്റില്‍സ്, അബ്ബ, തുടങ്ങിയ ആധുനിക സംഗീതക്കാരുടെ ശൈലികള്‍ ഇന്ത്യയില്‍ ധാരാളമായി വന്നു. പോപ് മ്യൂസിക്കിന്റെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. കൂട്ടത്തില്‍, സിന്തസൈസര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ ധാരാളമായി.ഇതിനോടെല്ലാം പ്രത്യേക മമതയുള്ള സംഗീത സംവിധായകര്‍ രംഗത്ത് വന്നു. സിനിമ നിര്‍മ്മാതക്കള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും ഇത് കൂടുതല്‍ സൗകര്യം ഉണ്ടാക്കി.
നമ്മുടെ സംഗീതത്തിലെ മാറ്റത്തിന്റെ കാതലായ ഭാഗം ഇവിടെയാണ് കിടക്കുന്നത്. ദക്ഷിണാമൂര്ത്തിയിലും ദേവരാജനിലും എം എസ് വിശ്വനാഥനിലും നിന്ന് ഇളയരാജയിലേക്കും ശ്യാമിലേക്കും രവീന്ദ്രനിലേക്കും ജെറി അമല്‍ ദേവിലേക്കും റഹ്യുമാനിലേക്കുമുള്ള വ്യതിയാനത്തിന്റെ പൊരുളും ഇത് തന്നെയാണ്.എണ്ണത്തില്‍ കൂടിവന്ന ചിത്രങ്ങള്‍ക്ക് എല്ലാ അംശത്തിലും പ്രവര്‍ത്തന വേഗത അവാശ്യമായി വന്നു.
സംഗീതാവിഷ്ക്കാരത്തില്‍ ഈ പുതുമ ഒരു അപാകതയായി കണക്കാക്കാന്‍ പറ്റില്ല.
ശബ്ദ മധുരിമയില്‍ കെ എസ് ചിത്രയില്‍ വരെ നില്‍ക്കുന്ന ഹൃദയ ഹാരിത മനസ്സിന് സംതൃപ്തി നല്‍കുമ്പോള്‍, വരും തലമുറയില്‍ കാതലായ മാറ്റമാണ് സിനിമാസന്ഗീതത്ത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന പ്രതീക്ഷ അസ്ഥാനത്താകാന്‍ സാധ്യതയില്ല.