വിജയ്യെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം നിര്‍വഹിച്ച ബിഗില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ചിത്രത്തിന് നല്‍കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫുട്‌ബോള്‍ താരവും നടനുമായ ഐ.എം വിജയനുമുണ്ട്. വിജയ്ക്ക് ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്നതാണെങ്കിലും ചിത്രത്തെ കുറിച്ച് ഒരു നിരാശയുണ്ടെന്ന് വിജയന്‍ പറയുന്നു.
‘വിജയിയുടെ മാനേജര്‍ വിളിച്ചിട്ട് വിജയ് സാറിനൊപ്പം ഒരു സിനിമയുണ്ടെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. വിജയ് സാറിന്റെ സിനിമയോ? എന്നാണ് ആദ്യം ചോദിച്ചത്. അതെ വിജയിയുടെ സിനിമ തന്നെയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തായാലും ഉണ്ട് സാറെ എന്ന് പറഞ്ഞു. വിജയ് സാറിനെപ്പോലെയൊരു സൂപ്പര്‍താരത്തിന്റെ ചിത്രത്തില്‍ ഒരു സീന്‍ എങ്കിലും കിട്ടുന്നത് മഹാഭാഗ്യമാണ്.’
‘ബിഗില്‍ ഫുട്ബോള്‍ പ്രമേയമായ ചിത്രമാണെങ്കിലും എനിക്ക് ഫുട്ബോള്‍ കളിക്കാനുള്ള അവസരം ഉണ്ടായില്ല. സിനിമയെ സംബന്ധിച്ച ഏക നിരാശ അതാണ്. വിജയ് സാര്‍ അച്ഛനും മകനുമായിട്ടാണ് ബിഗിലില്‍ എത്തുന്നത്. ഇവരുടെ രണ്ട് പേരുടെയും എതിരാളിയാണ് ഞാന്‍. ഐഎസ്എല്ലിന്റെ സമയത്ത് ഞാന്‍ അഭിനയിച്ച ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രം പുറത്തിറങ്ങിയതില്‍ സന്തോഷമുണ്ട്.’ ഇത് എന്റെ പ്രീയപ്പെട്ട ചിത്രമാണ് വിജയന്‍ പറഞ്ഞു.