26.2 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessഗ്ലോക്കോമ എന്ന നേത്ര രോഗം

ഗ്ലോക്കോമ എന്ന നേത്ര രോഗം

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി  കൊല്ലം ചൈതന്യ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൌജന്യ കണ്ണ് പരിശോധനയും ബോധവല്‍ക്കരണവും നടത്തി. ലോക ആരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആറു കോടിയിലധികം പേരെ അന്ധതയിലേക്കു നയിക്കുന്ന നേത്ര രോഗമാണ് ഗ്ലോക്കോമ. സാവധാനത്തില്‍ കാഴ്ച കവര്‍ന്നെടുക്കുന്ന നേത്ര രോഗമാണിത്.

കണ്ണുകളുടെ ഞരമ്പുകള്‍ക്കു പ്രായം കൂടും തോറും കാലക്രമേണ ബലക്ഷയം ഉണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. കണ്ണിലെ അമിത മര്‍ദ്ദം അഥവാ ഇന്‍ട്ര ഒക്യുലാര്‍ പ്രഷര്‍ കൂടുന്നത് കാരണം കണ്ണിന്റെ ഞരമ്പുകള്‍ ശോഷിച്ചു പോകുന്നതാണ് ഗ്ലോക്കോമ ഉണ്ടാകാന്‍ കാരണം. സാധാരണയായി അതി സമ്മര്‍ദ്ദം കൂടുന്ന ആള്‍ക്കാരിലാണ് ഗ്ലോക്കോമ കണ്ടു വരുന്നത്.എന്നാല്‍ അപൂര്‍വ്വമായി രക്തസമ്മര്‍ദ്ദം ഇല്ലാത്തവരിലും ഗ്ലോക്കോമ കണ്ടു വരുന്നു.

ഗ്ലോക്കോമ പലതരമുണ്ട്. ലോ ടെന്‍ഷന്‍, അക്യുട്ട്, കണ്‍ജനിറ്റല്‍, സെക്കന്‍ഡറി എന്നിങ്ങനെ നേത്രരോഗം കണ്ടു വരുന്നു. ജന്മനായുള്ള ഗ്ലോക്കാമ വളരെ അപൂര്‍വ്വമായേ കാണാറുള്ളു. സാധാരണയായി കണ്ടു വരുന്ന ഗ്ലോക്കൊമയാണ് പ്രൈമറി ഓപ്പണ്‍ ആംഗിള്‍ എന്നറിയപ്പെടുന്ന നേത്ര രോഗം. ഇതിനു ലക്ഷണങ്ങള്‍ വളരെ കുറവാണ്. കണ്ണിനകത്ത് ഒരു ദ്രാവകം എപ്പോഴും ഉണ്ടായിരിക്കും. അതെ സമയം കണ്ണില്‍ നിന്നും ഈ ദ്രവം വെളിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കും.

വെളിയിലേക്കു ഒഴുകുന്ന സ്ഥലത്ത് അരിപ്പ പോലെ ചെറിയ ദ്വാരങ്ങള്‍ ഉള്ള മെമ്പറൈന്‍ അല്ലെങ്കില്‍ ഒരു പാട ഉണ്ടാകും.ഈ ദ്വാരങ്ങള്‍ പ്രായം കൂടും തോറും ചുരുങ്ങി ദ്രാവകം ശരിക്കും ഒഴുകാതെ, കണ്ണിനകത്ത് നിന്ന് മര്‍ദ്ദം കൂടാന്‍ ഇട വരുത്തുന്നു. അത് കണ്ണിന്റെ കാഴ്ച്ചയുടെ ഞരമ്പുകള്‍ക്കു കേടു വരുത്താന്‍ കാരണമാകുന്നു.

ഗ്ലോക്കോമ എന്ന രോഗം ഏതു പ്രായത്തിലുള്ളവര്‍ക്കും ഉണ്ടാകാം. എങ്കിലും സാധാരണ ഗതിയില്‍ സാമൂഹികമായ ഒരു വിപത്ത് അതായത്, കൂടുതല്‍ പേരെ ബാധിക്കുന്നത് 40-45 വയസ്സിനു ശേഷമാണ്. പ്രൈമറി ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കൊമയാണ് ഏറ്റവും കൂടുതലായി ഈ പ്രായത്തിലുള്ള ആള്‍ക്കാരില്‍ ബാധിച്ചു കാണുന്നത്. അപൂര്‍വ്വമായും കുട്ടികള്‍ക്കും ഗ്ലോക്കൊമയുണ്ടാകാം. അതിനെ കണ്‍ജനിറ്റല്‍ അഥവാ ജനിക്കുമ്പോള്‍ ഉള്ള ഗ്ലോക്കോമ എന്ന് വിളിക്കുന്നു.

എങ്കിലും സാധാരണയായി ഇത് കണ്ടു വരുന്നത് 40-45 വയസ്സിനു മുകളില്‍ ഉള്ളവരിലാണ്.

രോഗം ഒരു കണക്കിന് വലിയ വിപത്താണെങ്കിലും പല ആള്‍ക്കാരിലും പലപ്പോഴും കാര്യമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. പ്രൈമറി ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കൊമയില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ദൃശ്യമാകാറില്ല. കണ്ണിന്റെ കാഴ്ച അതായത് കണ്ണിന്റെ പാര്‍ശ്വങ്ങളിലുള്ള കാഴ്ച അഥവാ വശങ്ങളിലെ കാഴ്ച ക്രമേണ കുറഞ്ഞു കുറഞ്ഞു വരികയും അവസാനം ഒരു കുഴലില്‍ കൂടി അല്ലെങ്കില്‍ ഒരു തുരങ്കത്തില്‍ കൂടി നോക്കുന്നത് പോലെയുള്ള ഒരു കാഴ്ചയായി തീരുകയും ചെയ്യുന്നു. അതായത് ഒരു ” ടണല്‍ വിഷന്‍” എന്ന് പറയാം. ഈ തരത്തില്‍ ഏകദേശം ഒരു കണ്ണിന്റെ കാഴ്ച 90 മുതല്‍ 95  ശതമാനത്തോളം നഷ്ട്ടപ്പെട്ട ശേഷം മാത്രമേ രോഗിക്ക് സ്വയം കാഴ്ച കുറഞ്ഞതായി ബോധ്യമാകുകയുള്ളൂ.
മറ്റൊരു തരം സാധാരണ ഗ്ലോക്കൊമയാണ് ആംഗിള്‍ ബ്ലോഷര്‍ എന്നത്. ഈ രോഗം ബാധിച്ച ചില രോഗികള്‍ക്ക് കണ്ണിനു പെട്ടെന്ന് ചുവപ്പും വേദനയും കാഴ്ച്ചക്കുറവും ഉണ്ടാകും. കൂടാതെ, ബള്‍ബിന്റെയോ മറ്റു പ്രകാശങ്ങളിലോ നോക്കുമ്പോള്‍ അതിനു ചുറ്റും പല നിറത്തിലുള്ള മഴവില്ല് പോലെയുള്ള പ്രകാശവലയം കാണുകയും ചെയ്യുന്നു.

ഇത്തരം ഗ്ലോക്കോമ രോഗികള്‍ക്ക് ഉടനെ തന്നെ രോഗലക്ഷണങ്ങള്‍  ഉണ്ടാകുന്നത് കൊണ്ട് കണ്ണിനു അസഹ്യമായ വേദന അനുഭവപ്പെട്ടു കാണുന്നു. ഈ അവസ്ഥയില്‍ രോഗി സ്വയമേ തന്നെ ആശുപത്രിയില്‍ എത്താന്‍ പ്രേരിതമാകുന്നു.  പക്ഷെ തിരിച്ചറിയാന്‍ പറ്റാത്ത ഗ്ലോക്കോമ അതായത് “സ്ലോലീ പ്രോഗ്രസീ”വായ അഥവാ പതുക്കെ പതുക്കെ കാഴ്ച്ചയെ കവര്‍ന്നെടുക്കുന്ന പ്രൈമറി ഓപ്പണ്‍ ആംഗിള്‍ എന്നറിയപ്പെടുന്ന രോഗം കണ്ണിന്റെ നിശ്ശബ്ദ് കൊലയാളി അല്ലെങ്കില്‍ “സൈലന്റ് തീഫ് ഓഫ് സൈറ്റ്” എന്ന അവസ്ഥയിലേക്കു എത്തിച്ചേരുന്നു. അപ്പോഴേക്കും രോഗിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടിരിക്കും. അപ്പോള്‍ മാത്രമായിരിക്കും രോഗി രോഗത്തെ സ്വയം തിരിച്ചറിയുന്നത്.

കാഴ്ച്ചയുടെ ഞരമ്പ് അല്ലെങ്കില്‍, നാഡി ( ഒപ്ടിക് നെര്‍വ്) അത് തലച്ചോറിന്റെ ഒരു

“എക്സ്ടെന്‍ഷനാണ്” തലച്ചോറിനു ഒരു തകരാറു വന്നു കഴിഞ്ഞാല്‍ ശരിയാകാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുപോലെ കാഴ്ച്ചയുടെ ഞരമ്പുകളും        കേടായാല്‍ ആ കേടു   സ്ഥിരമായിരിക്കും.അതുകൊണ്ട് ഗ്ലോക്കോമ എന്ന അസുഖം കാരണം കണ്ണിന്റെ ഞരമ്പുകള്‍ ശോഷിച്ച് പോയാല്‍  അതുകാരണം പാര്‍ശ്വങ്ങളിലുള്ള  കാഴ്ച അതായത്, വശങ്ങളിലെ കാഴ്ച  കുറഞ്ഞു കഴിഞ്ഞാല്‍ ആ കാഴ്ച തിരിക സാധാരണഗതിയില്‍ കൊണ്ടുവരാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

പക്ഷെ, സമയത്ത് രോഗം കണ്ടു പിടിച്ചാല്‍ , കാഴ്ച നഷ്ട്ടപ്പെടുന്നതിനു മുമ്പ് നിര്‍ണ്ണയം നടത്തിയാല്‍, കണ്ണിന്റെ മര്‍ദ്ദം കുറയ്ക്കുവാന്‍ നിസ്സാരമായ തുള്ളി മരുന്ന് കൊണ്ട് സാധ്യമാകും

ഗ്ലോക്കോമ പകരുന്ന ഒരു അസുഖമല്ല. അതിനു ഒരു മുന്‍കരുതലും   എടുക്കാനാകില്ല. ഒരു ബോധം ഉണ്ടെങ്കില്‍ ഒരു പരിധിവരെ രോഗം നേരത്തെ കണ്ടു പിടിച്ചാല്‍ കാഴ്ച നഷ്ട്ടപ്പെടുന്നത് ഇല്ലാതാക്കാനാകും.. രക്ത ബന്ധത്തില്‍ ആര്‍ക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെകില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്. 40 വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണിന്റെ മര്‍ദ്ദം പരിശോധിക്കുന്നത് അഭികാമ്യം ആയിരിക്കും.

കണ്ണിനു കഴപ്പ്, കൂടെക്കൂടെ കണ്ണട മാറേണ്ടി വരിക, കാഴ്ച്ചയുടെ ചുറ്റില്‍ അതായത്, ബള്‍ബിന്റെയോ മറ്റു പ്രകാശത്തിലെക്കോ മറ്റും നോക്കുമ്പോഴോ ചുറ്റും പ്രകാശ വലയങ്ങള്‍, പല കളറുകളില്‍ കാണല്‍, പിന്നെ കാഴ്ച പെട്ടെന്ന് മങ്ങി വരിക, കണ്ണിനു വേദന അനുഭവ്വപ്പെടുക തുടങ്ങിയവയുണ്ടെകില്‍ ഗ്ലോക്കൊമയുടെ അപൂര്‍വ്വ രോഗ ലക്ഷണങ്ങളില്‍ പെടുന്നതായി അനുമാനിക്കാം. ഇത്തരം സന്ദര്‍ഭത്തില്‍ ഒരു നേത്ര രോഗ വിദഗ്ദ്ദനെ സമീപിച്ച് രോഗ നിര്‍ണ്ണയം നടത്തി നിവാരണം നടത്തേണ്ടതാണ്.

ഇപ്പോള്‍ കണ്ണിന്റെ മര്‍ദ്ദം പരിശോധിക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഒരു ഫീല്‍ഡ് അനലൈസരിന്റെ സാന്നിധ്യത്തില്‍ രോഗിക്ക് തന്നെ സ്വയമേ കണ്ണിന്റെ മര്‍ദ്ദം പരിശോധിക്കാവുന്നതാണ്‌. അനലൈസര്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകും.

ഏതായാലും, കണ്ണുകളുള്ള ഏതു ജീവജാലങ്ങളുടെയും കാര്യത്തില്‍ പ്രത്യേകിച്ചും മനുഷ്യന്റെ കാര്യത്തില്‍ ശരീരത്തിലെ അവയവങ്ങളില്‍ ഏറ്റവും പ്രധാനവും വിലമതിക്കാനാവാത്തതുമാണ്  കണ്ണുകള്‍.കാഴ്ചയും ഉള്‍കാഴ്ചയും രണ്ടാണെങ്കിലും കണ്ണുകള്‍ കണ്ടാസ്വദിക്കുന്ന അല്ലെങ്കില്‍ അനുഭവിച്ചറിയുന്ന കാഴ്ചകള്‍ അവാച്യമായ അസുലഭ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഏതും നേരിട്ടറിയുന്നത് കാഴ്ചയിലൂടെയാണ്. അവിടമാണ് കണ്ണുകളുടെ മഹാത്മ്യത പ്രകടമാകുന്നത്. കണ്ണുകള്‍ വിലപ്പെട്ടതാണ്‌. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഏറ്റവും വിലപ്പെട്ടതാണ്‌. അത് സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്; അല്ലെങ്കില്‍ ധാര്‍മ്മികതയാണ്.അതിനെ പ്രാണന് തുല്ല്യം സ്നേഹിക്കുക…പരിപാലിക്കുക..പരിപ്രേക്ഷ്യമാക്കുക..

ആപ്ത വാക്യം:

” കണ്ണില്ലാത്തപ്പോഴെ കണ്ണിന്റെ കാഴ്ച അറിയൂ!”

- Advertisment -

Most Popular

- Advertisement -

Recent Comments