കൊറോണ വൈറസിന്റെ ഭീതി ഒഴിയും മുമ്പെ സംസ്ഥാനത്ത് വീണ്ടും പക്ഷി പനി പടരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലും കോഴി ഫാമുകളിലാണ് പക്ഷി പനി സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതിലെന്ന് മന്ത്രി പ്രതികരിച്ചു. നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ജാഗ്രതയിലാണ്. രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞതായും മന്ത്രി കെ രാജു പറഞ്ഞു. 2016 ലാണ് സംസ്ഥാനത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്ത് താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചിരുന്നത്.
