പക്ഷിപ്പനി പടര്‍ന്നു പിടിച്ച കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തി.
കാരശേരിക്ക് സമീപം കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. 100ല്‍ അധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്. നാട്ടുകാര്‍ ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, രോഗത്തെ പ്രതിരോധിക്കുന്നതിനും തടയിയിടുന്നതിന്റെയും ഭാഗമായി കോഴികളടക്കം 3000 പക്ഷികളേയാണ് കൊന്നൊടുക്കിയത്. ഇതിനായി തയ്യാറാക്കിയ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെയാണ് ദ്രുത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ കൊന്നൊടുക്കുന്നത്. ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ പക്ഷികളെ കൊന്നൊടുക്കുന്നത് ഈ ആഴ്ച പൂര്‍ത്തിയാക്കും. വൈറസ് ബാധയെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്ദ്ധ സംഘം ഇന്ന് എത്തും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടു. പ്രതിരോധപ്രവര്‍ത്തനത്തിനൊപ്പം ബോധവത്കരണവും തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.