പുനലൂർ താലൂക്കാശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവർക്ക് അത്താണിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിൽ രാജ്യാന്തര നിലവാരമുള്ള ആധുനിക സജ്ജീകരണങ്ങളോടെ പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യരംഗത്ത് കരുത്തേകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ആശുപത്രിയിൽ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ട് പോകുന്ന മുറയ്ക്ക് അടുത്തഘട്ടമായി ചികിത്സാ സൗകര്യങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. സർക്കാർ നേതൃത്വവും ഡോ. ഷാഹിർഷായും തുടരുകയാണെങ്കിൽ താലൂക് ആശുപത്രിയിൽ ഇനിയും വികസനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും താലൂക് ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ തുടർന്നും ഉണ്ടാകണമെന്നും ചടങ്ങിൽ ആമുഖ സന്ദേശം ഓൺലൈനായിനല്കിമന്ത്രി കെ രാജു പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ
68.19 കോടി രൂപ ചെലവിൽ 2,20000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ കെട്ടിടത്തിനുള്ളിലെ പശ്ചാത്തല വികസനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമയി കിഫ്ബി യിൽ നിന്ന് അധികമായി 2.07 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
335 കിടക്കകളുള്ള കെട്ടിടത്തിൽ ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷൻ തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോർട്ടം റൂമും, എക്സ് റേ, എംആർഐ, സി റ്റി സ്കാൻ, ദന്തൽ എക്സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 97 ഐസിയു ബെഡ്ഡുകളും 12 ലേബർ കിടക്കകളും ആറ് ലിഫ്റ്റുകളുമുണ്ട്. ഇങ്കെൽ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല.
ശുചീകരണ സംവിധാനം, മാലിന്യസംസ്കരണ പ്ലാന്റ്, അഗ്നി രക്ഷാ സംവിധാനം, ക്ലീനിങ്ങിനായി റോബോട്ടിക് സംവിധാനം, മൂന്ന് ജനറേറ്ററുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
താലൂക് ആശുപത്രി സൂപ്രണ്ട് ഡോ ആർ ഷാഹിർഷാ റിപ്പോർട്ട് അവതരിപ്പിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ,
നഗരസഭാ അധ്യക്ഷ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ എ ലത്തീഫ്, ഡി ദിനേശൻ, പുഷ്പലത, പി എ അനസ്, കെ കനകമ്മ, വസന്ത രഞ്ജൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഡി എച്ച് എസ് ഡോ ആർ എൽ സരിത, ഡി എം ഒ ഡോ ആർ ശ്രീലത, ഡി പി ഒ ഡോ ഹരികുമാർ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.