വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ഉണ്ടാക്കുന്ന ‘ബ്ലാക്ക് ഫംഗസ്’ എന്ന പൂപ്പല്‍ബാധ കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ കാണപ്പെട്ടതായും ഇതില്‍ 20 പേരും കൊവിഡ് ബാധിതരാണെന്നും ഗുലേറിയ പറഞ്ഞു.
ഇത് ഒരു പുതിയ രോഗബാധയല്ല. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. പൊതുവേ ഇത് മാരകമായ ഒന്നല്ല. എന്നാല്‍, രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ തീവ്രതയുള്ളതും മാരകവുമായി മാറിയേക്കാം. അതുകൊണ്ടുതന്നെ ആശുപത്രികള്‍ ഫംഗസ് ബാധയ്ക്കെതിരേ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് ബാധിച്ച അഞ്ഞൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡിന് മുമ്പും ബ്ലാക് ഫംഗസ് ബാധ പിടിപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2003ല്‍ സാര്‍സ് വൈറസ് ബാധയുടെ കാലത്തും ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൊവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണ്. മുഖം, മൂക്ക്, തലച്ചോര്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്നതും ശ്വാസകോശത്തെ ബാധിക്കുന്നതുമായി രണ്ടുതരത്തിലുള്ള ഫംഗസ് ബാധയാണ് പൊതുവേ കാണപ്പെടുന്നതെന്നും ഗുലേറിയ പറഞ്ഞു.