സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ചില മേജർ ആശുപത്രികളിൽ ജൂലൈ 15 ഓടെ മൊഡേണ വാക്സിൻ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. ഡ്രഗ് റെഗുലേറ്ററുടെ അനുമതി കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിൻ ഇറക്കുമതി ചെയ്യാൻ ലഭിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്സിൻ കേന്ദ്ര സർക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനില ഏഴ് മാസം വാക്സിൻ സൂക്ഷിച്ച് വെക്കാൻ ആവശ്യമാണ്.
28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് ആയിട്ടാണ് വാക്സിൻ നൽകുക. മൊഡേണ വാക്സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്ന് കണ്ടെത്തിയിരുന്നു. അൾട്രാ കോൾഡ് ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്സിൻ ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ അനുമതി ലഭിച്ചത് കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകൾക്കാണ് .