15 ആനകളെ പങ്കെടുപ്പിച്ച് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. ആളുകൾക്ക് ആനയൂട്ട് കാണാൻ പ്രവേശനമുണ്ടായില്ല. കർക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങുക. ആനയൂട്ടിന് എത്തിയ ഏറ്റവും ഇളയ ആനയായ വാര്യത്ത് ജയരാജന് മേൽശാന്തി കൊറ്റംപിള്ളി നമ്പൂതിരി ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിന് തുടക്കമായത്. ചോറ്, മഞ്ഞള്‍പ്പൊടി, ശർക്കര, എണ്ണ തുടങ്ങിയവ ചേർത്ത് നിർമ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണിമത്തൻ തുടങ്ങിയ ഒൻപതോളം ഫല വർഗ്ഗങ്ങൾ, പ്രത്യകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയവയാണ് ആനകൾക്ക് നൽകിയത്. തൃശ്ശൂര്‍ പൂരത്തിനല്ലാതെ ഇത്രയധികം ആനകൾ ഒരുമിച്ചെത്തുന്ന അപൂർവ അവസരമാണിത്. ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത് വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷമാണ്. പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിലെത്തിയ ആനകൾ ഊട്ടിന് ശേഷം വടക്കുംനാഥനെ വലംവച്ച് കിഴക്കേ ഗോപുര നടവഴിയാണ് പുറത്തുപോയത്. 50 പേർക്ക് മാത്രമായിരുന്നു പ്രവേശനം.