നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ശർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 17 പേർ നിരീക്ഷണത്തിലാണ്. കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അഞ്ച് പേരാണ് ഉള്ളത്. രോഗം ബാധിച്ച് മരിച്ച 12 വയസുകാരന്‍റെ സംസ്ക്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ 9 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ യോഗം ചേരും. ആരോഗ്യമന്ത്രിക്ക് നൽകേണ്ട പ്ലാൻ തയ്യാറാക്കും. സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം.