റിപബ്ലിക് ദിനാഘോഷം
മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തും
ജില്ലയിലെ റിപബ്ലിക് ദിനാഘോഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജനുവരി 26 രാവിലെ ഒമ്പത് മണിക്ക് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് റിപബ്ലിക് ദിന സന്ദേശം നല്‍കും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍. റൂറല്‍ എസ്. പി. കെ. ബി. രവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ പൊതുജനത്തിന് പ്രവേശനം ഉണ്ടാകില്ല. 50 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പരമാവധി നാല് പ്‌ളറ്റൂണുകള്‍ക്ക് പരേഡില്‍ പങ്കെടുക്കാം. കുട്ടികളും മുതിര്‍ന്ന പൗര•ാരും എത്താന്‍ പാടില്ല. സമ്മാനദാനം, ആദരിക്കല്‍ ചടങ്ങുകളും ഉണ്ടാകില്ല. ഭക്ഷണവിതരണത്തിനും അനുമതിയില്ല. എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ എന്‍.സി.സി തുടങ്ങിയവയുടെ പരേഡിനും കുട്ടികളുടെ ദേശഭക്തി ഗാനാലാപനത്തിനും അനുമതിയില്ല. മാര്‍ച്ച് പാസ്റ്റും ഒഴിവാക്കണം. അംഗീകൃത മാധ്യമ പ്രതിനിധികള്‍ക്ക് പ്രവേശനം അനുവദിക്കും. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയാകും പ്രവേശനം. സാനിറ്റൈസര്‍ സംവിധാനവുമുണ്ടാകും.
പ്ലാസ്റ്റിക് നിര്‍മിത പതാകയ്ക്കും സമാന വസ്തുക്കള്‍ക്കും നിരോധനമുണ്ട്. ഹരിത ചട്ട പ്രകാരമാണ് ചടങ്ങ്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ക്ക് മാത്രമാണ് അനുമതി. സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡ പ്രകാരം ആഘോഷം നടത്താമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മാലിന്യം സമ്പത്താക്കി മാറ്റുന്ന ക്ലീന്‍ സിറ്റി – മേയര്‍
മാലിന്യം സമ്പത്താക്കി മാറ്റി ക്ലീന്‍ സിറ്റിയെന്ന ലക്ഷ്യം സാധ്യമാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കുരീപ്പുഴയില്‍ ബയോമൈനിംഗിലൂടെ വേര്‍തിരിച്ചെടുക്കുന്ന മാലിന്യത്തില്‍ നിന്നുള്ള ഉപോത്പന്നമായ സിമന്റ് ഫാക്ടറികള്‍ക്ക് കൈമാറുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു മേയര്‍.
3000 ടണ്‍ മാലിന്യമാണ് ആദ്യഘട്ടത്തില്‍ വേര്‍തിരിച്ച് കല്‍ക്കരിക്കും വിറകിനും പകരമായ ഇന്ധനമായി ഉപയോഗിക്കാന്‍ പര്യാപ്തമാക്കിയത്. ഇതേ മാതൃക പിന്തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനകം മാലിന്യ കൂമ്പാരം ഇവിടെ നിന്ന് നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീടുകളില്‍ തന്നെ ഉറവിട മാലിന്യ സംസ്‌കരണം സാധ്യമാക്കുന്നതിനായി സംവിധാനവും ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 31 നകം 40 ബയോഗ്യാസ് പ്ലാന്റുകള്‍ കൂടി ലഭ്യമാക്കുകയാണ് എന്നും മേയര്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. എം. എല്‍. എ മാരായ എം. മുകേഷ്, ഡോ. സുജിത്ത് വിജയന്‍ പിള്ള, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഗീതാകുമാരി, എസ്. ജയന്‍, ജി. ഉദയകുമാര്‍, എ. കെ. സവാദ്, യു. പവിത്ര, സവിതാദേവി, ഹണി, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത, മറ്റു ജനപ്രതിനിധികള്‍, അഡീഷണല്‍ സെക്രട്ടറി എ. എസ്. ശ്രീകാന്ത്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം. എസ്. ലത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ പി. സിമി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സന്തോഷ്, ഹെല്‍ത്ത് സൂപര്‍വൈസര്‍ രാംകുമാര്‍, സിഗ്മ ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ നാഗേഷ് പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി – ജില്ലാ കലക്ടര്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രൂപപ്പെടുന്ന കോവിഡ് ക്ലസ്റ്ററുകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്ത സ്ഥാപന മേധആവികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ അവലോകന യോഗതീരുമാനം. ക്ലസ്റ്ററുകളുടെ വിവരം യഥാസമയം ആരോഗ്യവകുപ്പിനെയാണ് അറിയിക്കേണ്ടത്.
കോവിഡ് വാര്‍ റൂമിന്റെ പ്രവര്‍ത്തനം, കോവിഡ് ഇതര രോഗികള്‍ക്കും കാലതാമസമില്ലാതെ ചികിത്സ എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനു സബ് കലക്ടറെ ചുമതലപ്പെടുത്തി. ആര്‍. ആര്‍. ടി . അംഗങ്ങള്‍ക്ക് കില വഴി പ്രത്യേക പരിശീലനം നല്‍കി വരുന്നു. ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും അടിയന്തര പ്രാധാന്യത്തോടെ കൈക്കൊള്ളുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ സംവിധാനവുമൊരുക്കും.
ജില്ല നിലവില്‍ എ കാറ്റഗറിയിലാണ്. വാരാന്ത്യ പോലീസ് പട്രോളിംഗ്, പരിശോധനകള്‍ എന്നിവ കര്‍ശനമായി തന്നെ തുടരും. കോവിഡ് നഷ്ടപരിഹാരം അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല എന്ന് ഉറപ്പ് വരുത്തും. സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളിലെ 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ 93 ശതമാനം പൂര്‍ത്തിയായി എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, എ.ഡി.എം എന്‍. സാജിതാ ബീഗം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍, ആശുപത്രി പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശുചിത്വമോടിയില്‍ ആശ്രാമം മൈതാനം
ആശ്രാമം മൈതാനത്തെ നടപ്പാതയ്ക്ക് സമീപമുള്ള റെയിന്‍ ഷെല്‍ട്ടറുകളും പരിസരവും ശുചീകരിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ക്വയിലോഗ്രാഫി സംഘടനയുടെ പിന്തുണയോടെയാണ് പ്രദേശം മോടിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കലാഭിരുചിയുള്ളവരെഒരു കുടക്കീഴില്‍ അണിനിരത്തിയ ഈ കൂട്ടായ്മ മൈതാനത്തെ വിശ്രമകേന്ദ്രത്തിന്റെ ചുമരുകളില്‍ ചിത്രവേല നടത്തിയിരുന്നു. തുടര്‍ന്നാണ് മേഖല സംരക്ഷിക്കുക എന്ന ഡി.ടി.പി.സി യുടെ ആശയത്തോട് ചേരാന്‍ സംഘം സന്നദ്ധമായത്.
കാല്‍നട യാത്രക്കാരും വ്യായായമത്തിന് എത്തുന്നവരും വിശ്രമത്തിനായി വിനിയോഗിക്കുന്ന പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍ പറഞ്ഞു. നിശ്ചിത ഇടവേളകളില്‍ ശുചീകരണം നടത്താനാണ് തീരുമാനമെന്നും വ്യക്തമാക്കി.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇരവിപുരത്തെ വിവിധ അംഗന്‍വാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്‍പത് ഉച്ചക്ക് രണ്ടുമണിക്കകം സമര്‍പ്പിക്കണം. ഫോണ്‍-04742740590,8281999104.
ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും
ശക്തികുളങ്ങരയിലെ വാഹനാപടത്തില്‍ ഉള്‍പ്പെട്ട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. സ്വകാര്യ ബസിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകട കാരണമായി എന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് ആര്‍.ടി.ഒ ഡി. മഹേഷ് അറിയിച്ചു. വരും ദിവസങ്ങളില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.
റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം
ഭക്ഷ്യസംസ്‌കരണ മേഖലയിലെ ചെറുകിട സംരംഭകരെ വിപുലീകരിക്കുന്ന പദ്ധതിക്കായി ജില്ലാ വ്യവസായ കേന്ദ്രം ജില്ലാതല റിസോഴ്‌സ് പേഴ്‌സണെ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജിയില്‍ ബിരുദം/ഡിപ്ലോമ, കൃഷിയില്‍ ബിരുദവും ഭക്ഷ്യമേഖലയില്‍ പ്രവൃത്തിപരിചയവും ഉള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, ആധാറിന്റെ പകര്‍പ്പ്, എന്നിവ dickollam@gmail.com മെയിലില്‍ ജനുവരി 29ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍ – 0474 2748395, 9446108519.
മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് കോഴ്‌സിന് 31 വരെ അപേക്ഷിക്കാം
എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ആറുമാസത്തെ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനത്തുള്ള ഓഫീസില്‍ ലഭിക്കും. വെബ്‌സൈറ്റ് ലിങ്ക് – https://srccc.in/download , www.srccc.in ഫോണ്‍ – 0471 2325101,2325102,9447683169.
വാഹന ടെണ്ടര്‍
മുഖത്തല ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് രണ്ടു മണിക്കകം സമര്‍പ്പിക്കാം. ഫോണ്‍ – 0474 2504411, 8281999106.
ബേക്കറി ഉത്പന്ന നിര്‍മാണ പരിശീലനം
കേരളപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഏകദിന ബേക്കറി ഉത്പന്ന നിര്‍മാണ പരിശീലനം നല്‍കി. വ്യാവസായിക-ഗാര്‍ഗിക മൈക്രോവേവ് ഒവന്‍ പ്രവര്‍ത്തന രീതികളും പരിചയപ്പെടുത്തി. ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍ ട്രേഡിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടി പ്രിന്‍സിപ്പല്‍ എന്‍.ടെന്നിസണ്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ദീപേഷ്, സജീഷ്, ശ്രീമതി, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷ്യന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ടിഗ്-മിഗ് വെല്‍ഡിംഗ് എന്നിവയ്്ക്കുള്ള അപേക്ഷാ ഫോം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അവസാന തീയതി – ഫെബ്രുവരി 8. ഫോണ്‍ – 9496846522.
സ്‌പെഷ്യല്‍ സ്‌കൂള്‍ ഗ്രാന്റിന് അപേക്ഷിക്കാം
സ്‌പെഷ്യല്‍ സ്‌കൂള്‍ ഗ്രാന്റിനായി 2021-22 ലെ അപേക്ഷകള്‍ ജനുവരി 27നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം എന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ/സാമൂഹ്യ നീതി വകുപ്പുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടിയവയ്ക്ക് മാത്രമാണ് അര്‍ഹത. നിശ്ചിത പ്രൊഫോമയില്‍ സ്‌കൂള്‍ ജീവനക്കാരുടെയും കുട്ടികളുടേയും (18 വയസ്സിന് താഴെ/മുകളില്‍) വിവരം, 2020-21ലെ ഗ്രാന്റ് വിനിയോഗ വിവരത്തിന്റെ സാക്ഷ്യപത്രം, സെപ്ഷ്യല്‍ സ്‌കൂള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, 2020-21 ലെ ഗ്രാന്റ് വിനിയോഗ പത്രം, സി.എ ഓഡിറ്റ് ബാലന്‍സ് ഷീറ്റ്, എന്നിവ ഉള്‍പ്പെടുത്തണം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഇല്ലാത്ത സ്‌കൂളുകള്‍, 2020-21 ല്‍ ഫണ്ട് വിനിയോഗിക്കാത്ത സ്‌കൂളുകള്‍ അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്- http://www.ssportal.kerala.gov.in
ലേലം
ആയൂര്‍-അഞ്ചല്‍-പുനലൂര്‍ സ്റ്റേറ്റ് ഹൈവേയിലെ 149 മരങ്ങള്‍ ഫെബ്രുവരി നാല് പകല്‍ 11ന് കുരിശുമുക്ക് പൊതുമരാമത്ത് സൈറ്റ് ഓഫീസില്‍ ലേലം ചെയ്യും. സ്ഥലത്ത് എത്താന്‍ കഴിയാത്തവരുടെ ഓഫറുകള്‍ ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലു മണി വരെ സ്വീകരിക്കും.
സമ്മതിദായക ദിനാഘോഷം ജനുവരി 25ന്
ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാതല പരിപാടികള്‍ ഓണ്‍ലൈനായി കലക്‌ട്രേറ്റില്‍ ഇന്ന് (ജനുവരി 25) രാവിലെ 10.30ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകും. സമ്മതിദായക പ്രതിജ്ഞയും സന്ദേശവും അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ നിര്‍വ്വഹിക്കും. ജില്ലാതല പോസ്റ്റര്‍ ഡിസൈന്‍/ഷോര്‍ട്ട് ഫിലിം മത്സരവിജയികള്‍ക്കുള്ള സമ്മാന/സര്‍ട്ടിഫിക്കറ്റ് വിതരണവും അനുബന്ധമായുണ്ടാകും.