ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആയ 1810147 രൂപ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വീട്ടിലെത്തി കൈമാറി.
സർക്കാർ പ്രഖ്യാപിച്ച സഹായം നടപടിക്രമങ്ങൾ അതിവേഗത്തിൽ ആക്കി കാലതാമസം കൂടാതെ കൈമാറാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങായി സർക്കാർ ഒപ്പമുണ്ടാകും. സന്നദ്ധ സംഘടനകളും നാട്ടുകാരും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും കഴിയാവുന്ന പിന്തുണ നൽകുകയും ആണ്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ജവാന്റെ ആശ്രിതർക്ക് ആവശ്യമായ എല്ലാ സഹായവും തുടർന്നും ലഭ്യമാക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
സൈനിക വകുപ്പിൽ നിന്നുള്ള ധനസഹായവും അധികം താമസിയാതെ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വൈശാഖിന്റെ അമ്മ ബീനാ കുമാരി, സഹോദരി ശിൽപ എന്നിവർ ചേർന്നാണ് മന്ത്രിയിൽനിന്ന് ധനസഹായത്തിന് അനുമതിപത്രം കൈപ്പറ്റിയത്.