കൊവിഡ് രോഗത്തെ തുരത്താനുള്ള തീവ്രശ്രമത്തിലാണ് രാജ്യം മുമ്പോട്ട് പോയികൊണ്ടിരിക്കുന്നത്. ബാധയെ നേരിടാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി രോഗബാധക്ക് ചികിത്സയ്ക്ക് വിധേയമാക്കുന്നത്. എന്നാല്‍, മുന്നറിയിപ്പ് അവഗണിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്പോട്ടായ നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ചത് വെളിപ്പെടുത്താതിരുന്നതിന് പൊലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാവിന് ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ പ്രദേശത്തെ കൗണ്‍സിലറാണ്. ഇയാളുടെ അശ്രദ്ധമൂലം ഇവരുടെ ഗ്രാമമായ തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദീന്‍പൂര്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ, ഇവിടത്തെ താമസക്കാര്‍ക്ക് പുറത്തുപോകാനാവത്ത സ്ഥിതിയിലായി. രോഗം സ്ഥിരീകരിച്ച മൂന്ന് പേരെയും അംബേദ്കര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ നിസാമുദ്ദീന്‍ കൊവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ ഇവിടം സന്ദര്‍ശിച്ചവരോട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം മറച്ചുവക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയനാക്കിയ സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. നേരത്തെ അന്വേഷണത്തിനിടെ പൊലീസ് മര്‍ക്കസ് സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇദ്ദേഹം നിഷേധിച്ചിരുന്നു. പിന്നീട് വിശദമായ അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനും ശേഷം മാത്രമാണ് ഇയാള്‍ മര്‍ക്കസ് സന്ദര്‍ശിച്ചതായി സമ്മതിച്ചത്.