കോവിഡ് അടിയന്തരസ്ഥിതി നേരിടാന്‍ സാർവത്രിക ബൃഹത് വാക്‌സിനേഷൻ പരിപാടിയാണ് വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം അവർ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തിൽനിന്ന് സ്വയം ഒഴിഞ്ഞുമാറുന്നതാണ്. ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ശ്രമം. വാക്‌സിൻ വിതരണം വർധിപ്പിക്കാതെ വിൽപ്പന ഉദാരമാക്കുന്നതും വിലനിയന്ത്രണം എടുത്തുകളയുന്നതുമാണ് പുതിയ നയമെന്നും സിപിഎം ആരോപിക്കുന്നു.
പര്യാപ്‌തമായ അളവിൽ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒരു വർഷത്തിനിടെ കേന്ദ്രം നടപടിയെടുത്തില്ല. പുതിയ വാക്‌സിൻ നയം കോടിക്കണക്കിന് ആളുകൾക്ക് ഉയർന്ന വില കാരണം വാക്‌സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ടാക്കും. ഇതുവരെ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയിരുന്നത് ഇനിമുതൽ പൊതുവിപണിയിൽനിന്ന് പണംകൊടുത്ത് വാങ്ങണം. വാക്‌സിന്‍ വിലയില്‍ നിയന്ത്രണമില്ല. വാക്‌സിൻ നിർമാതാക്കൾക്ക് ഇഷ്ടമുള്ള വില ഈടാക്കാം. ഇതോടെ വലിയവിഭാഗം ജനത വാക്സിന്‍ പ്രക്രിയക്ക് പുറത്താകും. അതോടെ പൂഴ്ത്തിവയ്പ്പും അമിത വിലയ്ക്കും സാധ്യതയേറും .