26.2 C
Kollam
Sunday, December 22, 2024
HomeMost Viewed''ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്''; എം പി ജോൺ ബ്രിട്ടാസ്

”ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്”; എം പി ജോൺ ബ്രിട്ടാസ്

രാജ്യതലസ്ഥാനം കൊവിഡ് ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും വിമർശിച്ച് സിപിഎം രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്.  ക്ഷണിച്ച് വരുത്തിയ ദുരന്തമാണിതെന്നും  ഒരു ആസൂത്രണവും നടന്നിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു. മാധ്യമങ്ങളുടെ  നിശബ്ദതയേയും അദ്ദേഹം  കുറ്റപ്പെടുത്തി.
ജോൺ ബ്രിട്ടാസിന്റെ കുറിപ്പ്: ” എൻ്റെ യൗവനത്തിൻ്റെ നല്ലൊരു പങ്കും ചിലവിട്ടത് തലസ്ഥാന നഗരിയായ ഡൽഹിയിലാണ്. ഇന്ന് ദില്ലി ശരാശരി ഇന്ത്യക്കാരൻ്റെ പേടി സ്വപ്നമാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ തലസ്ഥാനം കോവിഡ് സുനാമിയിൽ ആടിയുലയുന്നു. ആശുപത്രി കിടക്ക, ഓക്സിജൻ സിലിണ്ടർ, ഐസിയു, വെന്റിലേറ്റർ എന്നിവയിൽനിന്നും ശ്മശാനത്തിൽ ഒരിടം എന്ന നിലക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ നൽകാത്ത ആദരവ് മരിക്കുമ്പോ‍ഴെങ്കിലും നൽകണം എന്നതാണ് ഇന്ത്യക്കാരൻ്റെ വിശ്വാസം. എന്നാൽ മൃതദേഹ കൂമ്പാരങ്ങൾ കണ്ട് ശ്മശാന നടത്തിപ്പുകാർ തന്നെ അന്താളിക്കുന്നു. അവസാന വിടപറയലിൽ പോലും ആദരവിൻ്റെ മുദ്ര ചാർത്താൻ കഴിയാതെ ബന്ധുമിത്രാദികൾ വിലപിക്കുകയാണ്. ശ്മശാനങ്ങൾ ഡൽഹിയിലെ പാർക്കുകളിലേക്ക് വ്യാപിച്ച് ക‍ഴിഞ്ഞിരിക്കുന്നു.. പാർക്കിംഗ് ഇടങ്ങൾ പോലും ചിതകൾക്ക് വഴി മാറുന്നു. നമ്മൾ ക്ഷണിച്ചുവരുത്തിയ ദുരന്തത്തിൻ്റെ രൗദ്രതയാണ് ദില്ലി ഉൾപ്പെടെ, രാജ്യത്തെ പല ഭാഗങ്ങളെയും ഇന്ന് വിഴുങ്ങി കൊണ്ടിരിക്കുന്നത്.
വരാനിരിക്കുന്ന ദിനങ്ങൾ ഇതിലും ഭയാനകമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. അടുത്ത പ്രതിസന്ധി ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സ്മാരെയും ആരോഗ്യപ്രവർത്തകരെയും കിട്ടാത്തത് ആയിരിക്കും. പ്രതിദിനം 15 ലക്ഷം പേരെങ്കിലും രോഗബാധക്ക് അടിപ്പെടുന്നു. ഇതിൽ അഞ്ച് ശതമാനം പേർക്കെങ്കിലും ഐസിയു ശുശ്രൂഷ വേണ്ടിവരും. ഒരാൾ പത്ത് ദിവസമെങ്കിലും ഐസിയുവിൽ കിടക്കണം. അഞ്ച് ലക്ഷം ഐസിയു കിടക്കയെങ്കിലും നമുക്ക് വേണം. ഉള്ളത് ഒരു ലക്ഷത്തിൽ താഴെ.ഒരു ഐസിയു കിടക്കയിൽ രണ്ടും മൂന്നും പേരെ കിടത്തുന്ന രീതിയിലേക്ക് പോലും ഇന്ന് കാര്യങ്ങൾ എത്തിനിൽക്കുന്നു. തൊട്ടടുത്ത് കിടക്കുന്ന ആൾ അവസാന ശ്വാസം വലിക്കുന്നത് ചേർന്നു കിടക്കുന്ന ആൾ നെഞ്ചിടുപ്പോടെ കാണുന്നു.കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിന് സമയമുണ്ടായിരുന്നു. പാശ്ചാത്യലോകത്തെ സംഭവവികാസങ്ങൾ നമുക്ക് വഴികാട്ടണമായിരുന്നു. ആസൂത്രണത്തിൻ്റെ ലാഞ്ചനപോലും നമ്മുടെ നടപടികളിൽ ഉണ്ടായില്ല. എന്നിട്ടും എന്തേ ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളും നിശബ്ദത പാലിക്കുന്നു? ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments