അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേർട്ട് എന്നത് ഏറ്റവും ഉയർന്ന അലേർട്ട് ആണ്. ആയതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും നിർദേശിക്കുന്നതായി മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.