കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയ ബാങ്ക് ജീവനക്കാരൻ ബംഗളൂരുവിൽ പിടിയിലായി. ബാങ്ക് കാഷ്യർ കം ക്ലർക്ക് ആയ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ് വർഗീസും കുടുംബവുമാണ് പിടിയിലായത്. ഓഫീസർമാരുടെ പാസ്‌വേർഡ് ദുരുപയോഗംചെയ്താണ് വിവിധ നിക്ഷേപ അക്കൗണ്ടുകളിൽനിന്ന് ഇയാൾ പണം തട്ടിയത്. തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.
2019 ലാണ് വിമുക്ത ഭടനായ വിജീഷ് വർഗീസ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്. ബാങ്കിന്റെ മറ്റൊരുലൊഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിൻവലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മാനേജർ വിശദീകരണം തേടിയപ്പോൾ അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 14 മാസത്തിനുള്ളിൽ 8.13 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളിൽനിന്ന് മാറ്റിയതായി കണ്ടെത്തിയത്. വിജീഷിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തി.
വിജീഷും കുടുംബവും സംഭവത്തിനു ശേഷം ഒളിവിൽപോയതായിരുന്നു. തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തല്‍. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകള്‍ തടയാന്‍ കഴിയാത്തതില്‍ ബാങ്ക് മാനേജര്‍ അടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.