ഒന്നര മാസത്തെ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നലെ തുറന്നപ്പോഴുണ്ടായത് റെക്കോര്‍ഡ് വില്‍പന. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം 52 കോടിയുടെ മദ്യ വില്‍പന നടന്നു. കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ട് കോടി രൂപയുടെ വില്‍പനയുണ്ടായി. ബാറുകള്‍ വഴി നടന്ന വില്‍പന ഇതിന് പുറമെയാണ്. ആകെ 265 ബെവ്‌കോ ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ഇതില്‍ കൊവിഡ് സങ്കീര്‍ണ പ്രദേശങ്ങളിലുള്ള 40 ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നില്ല. ബാക്കിയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇത്രയും കോടിയുടെ മദ്യ വില്‍പന നടന്നത്. പാലക്കാട് തേങ്കുറിശിയിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ (69 ലക്ഷം) മദ്യം വിറ്റത്. തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്ന സ്ഥലമായതിനാലാണ് കച്ചവടം കൂടിയതെന്നു ബെവ്‌കോ അധികൃതര്‍ പറഞ്ഞു. 66 ലക്ഷത്തിന്റെ വില്‍പന നടന്ന തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഷോപ്പാണ് രണ്ടാമത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് 65 ലക്ഷത്തിന്റെ മദ്യം വിറ്റു.