സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാൻ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനാണ് നടപടി. ബില്ലിന്റെ കരട് തയാറാക്കി. കരടിൻമേൽ സർക്കാർ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാനാണ് നിർദേശം.
കാണികളുടെ പ്രായത്തിന് അനുസരിച്ച് സെൻസറിംഗ് ഏർപ്പെടുത്തും.എന്നതാണ് നിയമത്തിലെ പ്രധാന നിർദേശങ്ങളിൽ ഒന്ന്. യു/എ 7+, യു/എ 13+ , യു/എ 16+ എന്നിങ്ങനെ തിരിക്കാനാണ് ശുപാർശ.സിനിമയുടെ വ്യാജ പകർപ്പുകൾക്ക് തടവ് ശിക്ഷയും പിഴയും വിധേയമാക്കുന്നതുൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് കരട് ബില്ല്. സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷയും കരട് നിയമം ശുപാർശ ചെയ്യുന്നു. പുതിയ സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാമെന്നാണ് വ്യവസ്ഥ. അതേസമയം, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാമെന്ന കേന്ദ്ര തീരുമാനം നേരത്തെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറിൽ സുപ്രീം കോടതിയും ഇത് അംഗീകരിച്ചു.എന്നാൽ ഇതിനെ മറികടക്കുന്നതാണ് പുതിയ ഭേദഗതി.