പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മ സർവ്വസമയവും മൊബൈൽഫോൺ ഉപയോഗിച്ചിരുന്നതായി ഇവരുടെ ഭർത്താവിന്റെ സഹോദരൻ രഞ്ജിത് പോലീസിനോട് പറഞ്ഞു. ഭർത്താവ് വിഷ്ണു ഒരിക്കൽ ഫോൺ എറിഞ്ഞു തകർത്തിരുന്നു. 10 മാസം മുമ്പ് വരെ ഇരു കുടുംബവും മേവനക്കോണത്തെ കുടുംബവീട്ടിലായിരുന്നു താമസമെന്നും ഇയാൾ മൊഴി നൽകി.
കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ചതിനെത്തുടർന്ന് ഇത്തിക്കര ആറ്റിൽ ജീവനൊടുക്കിയ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ആര്യ(23)യുടെ ഭർത്താവാണ് രഞ്ജിത്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെ ബുധനാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും മൊഴിയെടുത്തില്ല. വ്യാഴാഴ്ച വിഷ്ണുവിന്റെ മൊഴിയെടുക്കുമെന്ന് എസിപി വൈ നിസാമുദീൻ പറഞ്ഞു. വ്യാഴാഴ്ച മുതൽ യുവതികളുടെ കൂടുതൽ ബന്ധുക്കളിൽനിന്നു മൊഴിയെടുക്കും.
ആര്യക്കൊപ്പം ഇത്തിക്കര ആറ്റിൽ ജീവനൊടുക്കിയ രേഷ്മാഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്‌മ(22)യുടെ ഫോൺ ബുധനാഴ്ച പോലീസ് വീട്ടിൽനിന്നു കണ്ടെത്തി. ഫോൺ സൈബർ സെല്ലിനു കൈമാറി. ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നുള്ള വിവരശേഖരണം അന്തിമഘട്ടത്തിലാണ്. മൊബൈൽ കമ്പനികളിൽനിന്നുള്ള വിവരശേഖരണവും തുടരുന്നു. അന്വേഷണത്തിനായി പോലീസ് രേഷ്മയുടെയും അച്ഛനമ്മമാരുടെയും അടക്കം മൂന്നു ഫോൺ പിടിച്ചെടുത്തിരുന്നു.