സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചൽ പാറവിള അഗസ്ത്യക്കോട് അമ്പലംമുക്കിന് സമീപം തുഷാര ഭവനിൽ ഉല്ലാസ് (40)ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് അഞ്ചൽ – പുനലൂർ റോഡിൽ സെന്റ് ജോർജ് സ്കൂളിന് എതിർവശത്ത് അഞ്ചൽ ബൈപാസ് റോഡ് നിർമാണ സ്ഥലത്ത് മൃതദേഹം കണ്ടത്. പോലീസിന്റെ അന്വേഷണത്തിൽ മരിച്ചത് അഞ്ചലിൽ ബസ് സർവീസ് നടത്തുന്ന ഉല്ലാസാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം രാത്രി ഇയാൾ വീട്ടിൽ ചെന്നിരുന്നില്ല. അഞ്ചൽ കോമളത്ത് ഉല്ലാസും സൂഹൃത്തുക്കളും ചേർന്ന് പശുവളർത്തൽ ഫാമും കൃഷിയും നടത്തുന്നുണ്ട്. സംഭവസ്ഥലം കൊല്ലം റൂറൽ എസ്‌പി കെ ബി രവി, പുനലൂർ ഡിവൈഎസ്‌പി എസ് സന്തോഷ് എന്നിവരെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി അഞ്ചൽ സിഐ ബി സൈജുനാഥിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.