വിരമിക്കലിനെക്കുറിച്ച് ആലോചനയില്ലെന്ന് പി ആർ ശ്രീജേഷ്. അടുത്തവർഷത്തെ ലോകകപ്പിലും, 2024 പാരിസ് ഒളിമ്പിക്സിലും കളിക്കണമെന്നാണ് ആഗ്രഹം. ‘സ്ഥിരതയോടെ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. കളി മതിയാക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. പരിക്കിന് പിടികൊടുക്കാതെ ക്ഷമത നിലനിർത്തി മുന്നോട്ടുപോകാനാകുമെങ്കിൽ ഇനിയും ഒരുപാടുകാലം ഇന്ത്യൻ കുപ്പായമണിയാം’.ഒളിമ്പിക്സ് മെഡലോടെ ആഗ്രഹങ്ങൾ പൂർത്തിയായെന്ന് പറയാനാകില്ല. ലോകകപ്പ് കിരീടമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. ഇന്ത്യയിലാണ് ടൂർണമെന്റ്. ഇതിനുമുമ്പായി കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസുമെല്ലാമുണ്ട്. ഏഷ്യൻ ഗെയിംസിൽ ആദ്യസ്ഥാനങ്ങളിലെത്തിയാൽ പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാം. എക്കാലവും ഹോക്കിയോട് ചേർന്നുജീവിക്കാനാണ് മോഹം. കളിച്ചില്ലെങ്കിലും അനുഭവസമ്പത്ത് യുവതലമുറയ്ക്ക് പകർന്നുനൽകാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രീജേഷ് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഒളിമ്പിക് വെങ്കലജേതാവായ ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ.
