കശ്മീരിൽ പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന്‍ വൈശാഖിന് നാട് യാത്രാമൊഴി നല്‍കി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കൊല്ലം ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സംസ്‍ക്കരിച്ചു. പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍ നിന്ന് ഇന്ന് രാവിലെയാണ് വൈശാഖിന്‍റെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് മൃതദേഹം കൊണ്ടുവന്നത്. വലിയ വിലാപയാത്രയായാണ് ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെ എന്‍ ബാലഗോപാല്‍, സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം വൈശാഖിന്‍റെ വീട്ടില്‍ എത്തിച്ചത്. വൈശാഖിനെ ഒരുനോക്ക് കാണാൻ വൻ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പികാനായി ആയിരങ്ങളാണെത്തിയത്.