ചുരം റോഡിൽ രണ്ടു ട്രെയ്‌ലർ ലോറികൾ കുടുങ്ങിയതോടെ മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. ചുരം റോഡിൽ നൂറു കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുയാണ്. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. ഇത്ര വലിയ വാഹനങ്ങൾ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്പോസ്റ്റിൽ നല്‍കാതിരുന്നതാണ് അപകടകാരണമായത്. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോറികള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റാൻ ശ്രമിക്കുകയാണ്.