28.1 C
Kollam
Sunday, December 22, 2024
HomeRegionalCulturalചീനക്കൊട്ടാരം തീർത്തും അവഗണനയിലായി; റെയിൽവേയെ പഴി ചാരുന്നു

ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി; റെയിൽവേയെ പഴി ചാരുന്നു

കൊല്ലത്തെ ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി.സംരക്ഷിക്കേണ്ടവർ റെയിൽവേയെ പഴി ചാരിക്കൊണ്ടേയിരിക്കുന്നു.
1904ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലംതിരുനാളാണ് ചീനക്കൊട്ടാരം നിർമിച്ചത്. കൊല്ലംചെങ്കോട്ട തീവണ്ടിപ്പാത വന്നപ്പോൾ കൊല്ലത്തെത്തുന്ന രാജാവിനും കുടുംബത്തിനും വിശ്രമിക്കാനാണ് കൊട്ടാരം നിർമിച്ചത്.
കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസിനു സമീപമായി സ്ഥിതി ചെയ്യുന്ന ഇത് പരമ്പരാഗത ചൈനീസ് വീടുകളുമായി സാദൃശ്യമുണ്ടാകുന്ന തരത്തിൽ ചുവന്ന സോംബ്രേ ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.ഇൻഡോ – സറാസെനിക് ശൈലിയിൽ നിർമ്മിച്ച മാളികയിൽ 7 മുറികളുണ്ട്. പുറത്തു നിന്നും നോക്കിയാൽ ഇരുനിലകെട്ടിടമായി തോന്നുമെങ്കിലും ഇതിനു ഒരു നിലമാത്രമേയുള്ളൂ.തിരുവിതാംകൂർ രാജാവിന്റെ വിശ്രമവസതിയും കാലക്രമത്തിൽ മധുര ഡിവിഷന്റെ സബ് കൺട്രോൾ ഓഫീസും തിരുവനന്തപുരത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള ഡിവിഷണൽ സ്റ്റോറും പിന്നീട് ഗോഡൗണുമൊക്കെ ആയിരുന്ന കൊട്ടാരം നിലവിൽ വെറുതേ കിടക്കുകയാണ്.

പേരിലും രൂപത്തിലും മാത്രമേ ഈ ചുവന്ന ഇഷ്ടികക്കെട്ടിടത്തിന് ചൈനയുമായി ബന്ധമുള്ളൂ. ചൈനയ്ക്കുപുറമേ തനത് കേരള, ബ്രിട്ടീഷ് ശൈലികളും കൊട്ടാരത്തിൽ കാണാം. രാജാവിന് കയറാനുള്ള കോച്ച് കൊട്ടാരത്തിനുമുന്നിൽ വന്നു നിൽക്കുമായിരുന്നത്രേ. ചരിത്രരേഖകളിൽ ചൈനയുമായി കൊട്ടാരത്തിന് ബന്ധമൊന്നുമില്ല.ഗോഥിക് ശൈലിയിലുള്ള ആർച്ചുകളും കൊട്ടാരത്തിന്റെ മുഖ്യആകർഷണമാണ്.

രാജഭരണം അവസാനിച്ചതോടെ കൊട്ടാരം റെയിൽവേയുടെ അധീനതയിലായി. ആദ്യകാലത്ത് റെയിൽവേ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്. കൊട്ടാരം ചരിത്രത്തിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി സംരക്ഷണ പദ്ധതികള്‍ വന്നെങ്കിലും ഒന്നും നടപ്പായില്ല. പി കെ ഗുരുദാസൻ മന്ത്രിയായിരുന്നപ്പോൾ 2014 ൽ ഇത് പൈതൃക മ്യൂസിയമാക്കാൻ തീരുമാനിച്ചിരുന്നു.കൊട്ടാരം സംരക്ഷിത മ്യൂസിയമാക്കാൻ കൊല്ലം കോർപ്പറേഷനും ശ്രമം നടത്തിയിരുന്നു. റെയിൽവേയിൽ നിന്ന് കൊട്ടാരം വിട്ടുകിട്ടാൻ കോർപ്പറേഷൻ പ്രമേയം പാസാക്കിയിരുന്നു. 2018ലെ ബജറ്റിൽ നഗരസഭ 30 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു.മ്യൂസിയം നിർമിക്കാനായി കൊട്ടാരത്തിന്റെ സംരക്ഷണച്ചുമതല വിട്ടുനൽകണമെന്ന് നഗരസഭ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ പ്രതികരിച്ചില്ലെന്ന് പറയുന്നു. തുടർന്ന് റെയിൽവേമന്ത്രിയെ നേരിൽക്കണ്ട് ആവശ്യം ബോധിപ്പിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. അതും തീരുമാനം മാത്രമായി ഒതുങ്ങി. ഇപ്പോൾ കെട്ടിടവും പരിസരവും ഘോര വനത്തിൽ അകപ്പെട്ട നിലയിലാണ്.

ചീനക്കൊട്ടാരം ഘോര വനത്തിൽ

കൊല്ലത്തെ ചരിത്രാന്വേഷികളായ വരും ഇതിനെ ചീന സംസ്ക്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ല. എന്നാലും, അത്രയ്ക്കും വൈശിഷ്ട്യമാർന്നതും ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുമായ ഈ സംസ്ക്കാര തനിമ ഇങ്ങനെ നശിക്കുന്നത് തീരാശാപമാണ്. എത്രയേറെ പുരോഗമന വാദികളും സാംസ്ക്കാരിക നായകരും ചരിത്രാന്വേഷികളും കുതുകികളും കൊല്ലം ജില്ലയിൽ ഉണ്ടെന്ന് പറയുമ്പോൾ, വല്ലപ്പോഴുമുള്ള ഒരു മുറവിളിയിൽ മാത്രം ഇത്തരം രമ്യഹർമ്മങ്ങൾ ഒതുങ്ങിപ്പോകുന്നത് തീരാ ശാപമാണ്. അല്ലെങ്കിൽ, അപരാധമാണ്.

യഥാർത്ഥത്തിൽ റെയിൽവേയ്ക്ക് ഇപ്പോൾ ഈ കൊട്ടാരം കൊണ്ട് ഒരാവശ്യവുമില്ല. റെയിൽവെ ഏതെങ്കിലും രീതിയിൽ വിട്ടു തരാമെന്ന് സമ്മതം മൂളിയെങ്കിൽ അതെങ്ങനെയെങ്കിലും കൈക്കലാക്കേണ്ടത് ഇവിടെ പറഞ്ഞവരുടെയും കോർപ്പറേഷന്റെയും മറ്റും നിരന്തരമായ ഇടപെടലിനെ തുടർന്ന് വേണം. അല്ലാതെ, എപ്പോഴെങ്കിലും ഒന്ന് ചലിച്ചാൽ പോര. അത് കൊണ്ട് ഒരു പ്രയോജനവും ചെയ്യില്ല.

ഗോഥിക് ശൈലിയിലുള്ള നിർമാണം

ഇപ്പോൾ ഈ കെട്ടിടം മൊത്തത്തിൽ നാശം നേരിട്ടു കഴിഞ്ഞു. ചരിത്രത്തെ ചരിത്രത്തിൽ നിർത്തി സംരക്ഷിച്ചില്ലെങ്കിൽ പിന്നെ എന്താണ് അത് കൊണ്ട് പ്രയോജനം? റെയിൽവെയ്ക്ക് ഈ കെട്ടിടം സംരക്ഷിച്ചാലെന്ത്? സംരക്ഷിച്ചില്ലെങ്കിലെന്ത്?
കൊല്ലത്തിന്റെ ഭരണചക്രം തിരിക്കുന്നവർ തിരിഞ്ഞ് നോക്കിയില്ലെങ്കിൽ ഒന്നും സംഭവിക്കാതെ അങ്ങനെ തന്നെ കിടക്കും. അവർക്ക് ഇതിനോടൊക്കെ എന്താണ് പ്രതിബദ്ധത! അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ തത്പരരായ ഇവർ അധികാരം കിട്ടിയ ശേഷം സ്ഥാപിത താത്പര്യങ്ങൾക്ക് മാത്രമാണ് സ്ഥാനം നല്കുന്നത്. അതാണ് യഥാർത്ഥ ശൈലി.അല്ലെങ്കിൽ ശാപം. അപ്പോൾ പിന്നെ ആരാണ് രംഗത്തിറങ്ങേണ്ടത്. അങ്ങനെ ഇറങ്ങേണ്ട വർ പോലും ഇറങ്ങുന്നില്ലെന്നതാണ് ദു:ഖ സത്യമായിട്ടുള്ളത്!

- Advertisment -

Most Popular

- Advertisement -

Recent Comments