സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റവർ വാക്സീനെടുത്തിട്ടും മരിക്കുന്ന സംഭവം
വീണ്ടും.കോഴിക്കോട് പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. ചന്ദ്രികക്ക് ഒപ്പം മറ്റ് നാല് പേരെയും തെരുവ് നായ കടിച്ചിരുന്നുവെങ്കിലും ആർക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അതേ സമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വർധിക്കുകയാണ്. കോട്ടയം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നാട്ടുകാരെ കൂട്ടത്തോടെ കടിച്ച തെരുവുനായയ്ക്ക് അതിതീവ്ര പേവിഷ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. നാട്ടിലെ തെരുവ് നായകള്‍ക്കും വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കുമെല്ലാം രണ്ട് ലക്ഷം രൂപയിലേറെ ചെലവിട്ടാണ് പേവിഷ പ്രതിരോധ വാക്സിന്‍ കുത്തിവയ്ക്കുന്നത്.
പ്രത്യേക പരിശീലനം നേടിയവരാണ് നായകളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത്. നായയൊന്നിനെ കുത്തിവയ്ക്കുന്നതിന് 375 രൂപയാണ് പ്രതിഫലം. ഇതിന് പുറമേ കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റവരുടെയെല്ലാം ചികില്‍സാ ചെലവും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ച നായകളുടെ വന്ധ്യംകരണ നടപടികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തല നടപടി ഉണ്ടാവണമെന്നും ഇല്ലെങ്കില്‍ തെരുവുനായ ആക്രമണം തുടര്‍കഥയാകുമെന്നുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ മുന്നറിയിപ്പ്.