27.9 C
Kollam
Sunday, February 23, 2025
HomeMost Viewedആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് ആഗസ്റ്റ് 25 ന്

ആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് ആഗസ്റ്റ് 25 ന്

കൊല്ലം കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റും ജനയുഗം വാരികയുടെ ജനറൽ എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം കൊല്ലം പ്രസ് ക്ലബും ആര്യാട് ഗോപി കുടുംബട്രസ്റ്റും സംയുക്തമായി എർപ്പെടുത്തിയ ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് കോട്ടയം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എസ്.ശ്യാംകുമാർ അർഹനായി. ഹ്യൂമൻ ഇൻ്ററസ്റ്റ് സ്റ്റോറിയുടെ മികച്ച ദൃശ്യത്തിന് ക്യാമറാമാനുള്ള അവാർഡിന് മനോരമ ന്യൂസ് അരൂർ യൂണിറ്റിലെ സീനിയർ ക്യാമറാമാൻ സജീവ് വി യെ തിരഞ്ഞെടുത്തു.

യഥാർത്ഥ പ്രതിയുമായുള്ള പേരിൻ്റെ സാമ്യം കാരണം ഒരു നിരപരാധി പോലീസിൻ്റെ വേട്ടയാടലിന് വിധേയമാകുന്നത് കാട്ടിത്തന്നതാണ് ശ്യാംകുമാറിന് അവാർഡ്‌ നേടിക്കൊടുത്തത്. കൊല്ലം വെളിനല്ലൂർ സ്വദേശി വിനോയ് ജോസഫിനെ വാർത്തയെ തടർന്ന് കേസുകളിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു.

ഹരിപ്പാട് സ്വദേശിയായ ശ്യാംകുമാർ ഏഷ്യാനെറ്റ് ന്യൂസ് കൊല്ലം ബ്യൂറോ ചീഫായിരിക്കെ 2022 ഏപ്രിൽ 21ന് ആണിവാർത്ത ടെലികാസ്റ്റ് ചെയ്തത്.
ഓരോരുത്തരുടെയും ജീവിതയാത്രയിലെ സുഖ-ദു:ഖങ്ങളുടെ അടയാളമാണ് പദങ്ങൾ .ശബരിമല തീർത്ഥാടകരുടെ കാൽപ്പാദങ്ങളുടെ ചലനങ്ങളിലൂടെ അതിജീവനത്തിൻ്റെയും പ്രതീക്ഷയുടെയും നേർക്കാഴ്ചയാണ് സജീവ് വി. പകർത്തിയത്. 2022 ജനുവരി 11ന് മനോരമ ന്യൂസിൽ ടെലികാസ്റ്റ് ചെയ്തതാണ് . വർക്കല സ്വദേശിയാണ് സജീവ്.

ആദിവാസി കോളനികളിലെ പെൺകുട്ടികളെ പ്രണയ കുരുക്കിൽപെടുത്തി ചൂഷണം ചെയ്യുന്നവരെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ടർ അനിറ്റ സെബാസ്റ്റ്യൻ നൽകിയ റിപ്പോർട്ടും മനോനില താളം തെറ്റിയ ഉമ്മയുടെയും ചങ്ങലയ്ക്കിട്ടിരിക്കുന്ന മകൻ്റെയും ദുരിത കാഴ്ച കാട്ടിത്തന്ന മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ഷാജു കെ.വിയുടെ ദൃശ്യങ്ങളും ഇരു വിഭാഗത്തിലും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.

ആര്യാട് ഗോപിയുടെ സ്മരണാർത്ഥം നൽകുന്ന അഞ്ചാമത്തെ അവാർഡാണിത്.
10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 25 ന് പകൽ 11ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കും. മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ ‘സാഹിത്യവും പത്രപ്രവർത്തനവും ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

പത്രസമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് ജി..ബിജു, സെക്രട്ടറി സനൽ ഡി.പ്രേം, ആര്യാട് ഗോപി കുടുംബ ട്രസ്റ്റ് ഭാരവാഹികളായ ലാലി വി.ആര്യാട് ,ബൈജു അര്യാട് എന്നിവർ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments