105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം നടന്നിട്ട് കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും ദുരന്തത്തിന്റെ കാരണം ഇനിയും അജ്ഞാതമായി തുടരുന്നു.
തിക്തഫലങ്ങൾ തീരാശാപമായിത്തീർന്ന 17 പേരുടെ ജീവിതത്തിന് ഒരു ആനുകൂല്യവും നൽകാതെ റയിൽവേ അധികൃതർ നിലകൊള്ളുമ്പോൾ,നാടിനെ നടുക്കിയ ദുരന്തം വർഷംതോറും ഒരു ചടങ്ങിൽ മാത്രം ഒതുങ്ങി അവശേഷിക്കുന്നു. 1988 ജൂലൈ 8 നാണ് പെരുമൺ ദുരന്തമുണ്ടായത്. ബംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഐലന്റ് എക്സ്പ്രസ് ട്രയിനിന്റെ 10 ബോഗി ക ളാണ് പെരുമണിൽ അഷ്ടമുടിക്കായലിലെ മരണക്കയത്തിൽ വീണത്.
റയിവേയുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ആദ്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. എന്നാൽ , റയിൽവേ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ സൂര്യനാരായണ പിന്നീട് അതിന്റെ കാരണം “ടൊർണാഡോ”ആണെന്ന് മാറ്റിത്തീർത്തു.തുടർന്നുവന്ന അന്വേഷണ ഉദ്യോഗസ്ഥൻ C. S നായിക്, സത്യനാരായണയുടെ റിപ്പോർട്ട് ശരി വെയ്ക്കുകയായിരുന്നു.
ദുരന്തത്തിൽ 200 പേർക്ക് പരിക്ക് പറ്റിയിരുന്നു. രക്ഷാപ്രവർത്തകരായി എത്തിയ നാട്ടുകാരിൽ പലർക്കും പരിക്ക് പറ്റിയിരുന്നു.ഇവർക്ക് വേണ്ടുന്ന ആനുകൂല്യം പോലും കൊടുക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല. രക്ഷാപ്രവർത്തനം നടത്തുമ്പോൾ പരിക്കുപറ്റി ശയ്യാവലംബരായ കിടക്കുന്നവർ ഇപ്പോഴും ഈ ദുരന്തത്തിന്റെ രക്തസാക്ഷികളാണ്.
ദുരന്തത്തോടെ അഷ്ടമുടിക്കായൽ ജല ശ്മശാനമായി മാറുകയായിരുന്നു. റയിൽവേയുടെ മുഖം രക്ഷിക്കാൻ ദുരന്തകാരണം ചുഴലിക്കാറ്റായി മാറ്റുമ്പോൾ, അത് കേട്ടുകേൾവിക്കു പോലും അപ്പുറമായിരുന്നു. യഥാർത്ഥമായി രണ്ട് കാര്യങ്ങളാണ് അപകട കാരണമായി പറഞ്ഞു കേട്ടത് : ട്രെയിൽ എത്തുന്നതിന് മുമ്പ് പാളത്തിൽ പണി നടക്കുകയായിരുന്നു. പാളങ്ങൾ യോജിക്കുന്ന സ്ഥാനത്ത് “ഫിഷ് പ്ലേറ്റ് ” ഇളക്കിയ ശേഷം ജീവനക്കാർ അടുത്ത കളളു ഷാപ്പിൽ പോയതായാണ് അറിയുന്നത്.പതിവിലും നേരത്തേ ഐലന്റ് എക്സ്പ്രസ് അന്ന് എത്തിയിരുന്നു.
പകൽ 12.56 ആയിരുന്നു സമയം. ട്രയിന്റെ വേഗത 81 കിലോമീറ്ററായിരുന്നു. വേഗത്തിൽ വന്ന ട്രയിനിന്റെ വീൽ ഫിഷ് പ്ലേറ്റ് ഇളകിയ ഭാഗത്ത് തറയിലേക്കിറങ്ങി. എമർജൻസി ബ്രേക്കിടുന്നതിനു പകരം ലോക്കോ പൈലറ്റ് സാധാ ബ്രേക്കിട്ടതിനാൽ അപകടത്തിന് കാരണമായിരുന്നു എന്ന് കരുതുന്നു.
ബോഗികൾ കൂട്ടിയിടിച്ചാണ് കായലിലേക്ക് മറിഞ്ഞത്.
എഞ്ചിനും ഒരു ബോഗിയും പിന്നിലെ രണ്ട് കോച്ചുകളും മാത്രമേ കായൽ കടന്നിരുന്നുള്ളൂ. റൂട്ടിൽ പരിചയമില്ലാത്ത ലോക്കോ പൈലറ്റ് ആയിരുന്നു ട്രയിൻ ഓടിച്ചിരുന്നത്.
എല്ലാവർഷവും കടന്നെത്തുന്ന ജൂലൈ 8 മലയാളികളെ സംബന്ധിച്ചടത്തോളം പ്രത്യേകിച്ചും കൊല്ലത്തുകാരെ സംബന്ധിച്ചിടത്തോളം, പെരുമൺ ദുരന്തം ഓർമ്മയിൽ മരിക്കാത്ത ട്രയിൻ അപകടമായി നില നിൽക്കും.