കൊട്ടാരക്കരയില്‍ റെയില്‍വേ സ്റ്റേഷന് സമീപം മരം കടപുഴകി വീണു വീട് ഭാഗികമായി തകര്‍ന്നു. കൊട്ടാരക്കര തച്ചന്‍ കുലാരത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ – ലതിക ദമ്പതികളുടെ വീടാണ് അയല്‍ വീട്ടിലെ മരം വീണു തകര്‍ന്നത്. സംഭവം അറിഞ്ഞിട്ടും, അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, വീട്ടുടമസ്ഥന്‍ ദമ്പതികളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നാണ് രാധാകൃഷ്ണന്‍റെയും ലതികയുടെയും വീട്ടിലേയ്ക്ക്മരം കടപുഴകി വീണത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വീടിനു മുകളിലേയ്ക്ക് അയല്‍ വീട്ടില്‍നിന്ന കൂറ്റന്‍ പാഴ്മരം വീണത്. വീടിനു സമീപത്തെ കിണറും, പട്ടിക്കൂടും പൂര്‍ണ്ണമായും, വീടിന്റെ മതില്‍ ഭാഗികമായും തകര്‍ന്നു. എന്നാല്‍, വിവരമറിഞ്ഞെത്തിയ നാട്ടുകാരും, രാധാകൃഷ്ണനും വീണമരം മുറിച്ചുമാറ്റണമെന്നവശ്യപ്പെട്ടു വീട്ടുടമസ്ഥനായ ശ്രീനിവാസനെ സമീപിച്ചെങ്കിലും അയാൾ തയ്യാറായില്ല. അധികൃതർ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റണമെന്ന് ഇയാള്‍ പറഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. അപകടാവസ്ഥ മുന്നില്‍ കണ്ടു നിരവധി തവണ മരം മുറിച്ചുമാറ്റണമെന്നു ആവശ്യപ്പെട്ടെങ്കിലും അതിനു ശ്രീനിവാസന്‍ തയ്യാറായില്ലെന്നും മരം വീണതുമായി ബന്ധപ്പെട്ടു ചോദിക്കാനെത്തിയപ്പോള്‍ വീട്ടിലെ പട്ടിയെ അഴിച്ചുവിട്ടെന്നും പരാതിയുണ്ട്.
മരം കടപുഴകി വീണിട്ടും അത് മുറിച്ചുമാറ്റുന്നതിനോ നഷ്ട്ടകണക്കുകള്‍ വിലയിരുത്തുന്നതിനൊ പ്രദേശത്തെ കൌണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തിരിഞ്ഞു നോക്കാത്തത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ വീടിനുള്ളിലേയ്ക്ക് കടക്കാനോ വെള്ളം ഉപയോഗിക്കാനോ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഈ ദമ്പതിമാര്‍.