26.9 C
Kollam
Friday, March 29, 2024
HomeNewsസീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ജലരേഖയായി മാറാൻ സാധ്യത

സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ജലരേഖയായി മാറാൻ സാധ്യത

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് റോഡ് നിയമം വ്യതിചലിച്ച് ആയതിനാൽ ,ദേശീയ പാതക്കായി വഴിയെടുക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമെന്ന് നാട്ടുകാരും സംഘടനയും .പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും അതു വകവയ്ക്കാതെ നിർമ്മാണവുമായി മുന്നോട്ട് പോകുകയാണ്. 56 ലക്ഷത്തി അറുപത്തിയാറായിരം രൂപാ വിനിയോഗിച്ചാണ് സീവേജ് വാട്ടർ ട്രീറ്റ്മെമെന്റ് പ്ലാന്റിന്റെ നിർമ്മാണം നടക്കുന്നത്.

കഴിഞ്ഞ UDF ഗവൺമെന്റിന്റെ കാലത്ത് 2014ലാണ് സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് ആശുപത്രിക്കായി തുക അനുവദിച്ചത്.എന്നാൽ, ഭരണം മാറിയതോടെ ഈ വിവരം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയി.കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനസഹായി വിവരാവകാശ സംഘടന ഇത് മനസ്സിലാക്കുകയും അതിന്റെ ഭാരവാഹികൾ വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയുമുണ്ടായി. തുടർന്ന്, ആശുപത്രി അധികൃതർ ടെന്റർ നടപടി സ്വീകരിക്കുകയും എറണാകുളത്തുള്ള ഒരു കമ്പനി ടെന്റർ എടുക്കുകയും ചെയ്തു.പൊതുമരാമത്തിനാണ് നിർമ്മാണ ചുമതല. നിർമ്മാണം ആരംഭിച്ചതോടെ അടിസ്ഥാനത്തിനായി എടുത്ത മണ്ണ് ടെന്റർ നല്കി കൊടുത്തു. എന്നാൽ,മണ്ണ് കൊടുത്തതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ആദ്യം രംഗത്തെത്തി. ഈ വിവരം അവർ ജനസഹായി സംഘടനയെ അറിയിക്കുകയും സംഘടന വിവരാവകാശ നിയമപ്രകാരം വിവരം ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട് നീങ്ങി. വിവരാവകാശ പ്രകാരം റിപ്പോർട്ടിൽ എടുത്ത മണ്ണിന്റെ അളവ് പതിനെട്ട് മീറ്റർ നീളവും ഒൻപത് ദശാംശം മൂന്ന് മീറ്റർ വീതിയും അര മീറ്റർ പൊക്കവും എന്നാണ് ലഭിച്ചത്.എന്നാൽ,മണ്ണ് ടെന്റർ എടുത്ത കരുനാഗപ്പള്ളിയിലെ പ്രിൻസി, കണ്ണങ്കളത്ത് എന്ന ഏജൻസി മണ്ണ് കൊണ്ടുപോയി തുടങ്ങിയപ്പോൾ സംഘടനയും നാട്ടുകാരും രംഗത്തെത്തി. വിവരാവകാശ കണക്കും പ്രകാരം 22 ക്യുബിക് മീറ്റർ മണ്ണാണ് ലേലത്തിനായി നല്കിയിട്ടുള്ളത് .അതായത് ഏകദേശം മുപ്പതോളം ലോഡ് മണ്ണ്. ഇത്രയും ലോഡ് മണ്ണ് ടെന്റർ എടുത്തവർ കൊണ്ടു പോയിട്ടും പിന്നെയും ക്യുബിക്കണക്കിന് മണ്ണ് അവശേഷിച്ചത്  നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.ജനസഹായി സംഘടനയുടെ ഭാരവാഹികൾ കൂട്ടിയിട്ടിരുന്ന മണ്ണിന്റെ അളവ് അളന്ന് തിട്ടപ്പെടുത്തിയപ്പോൾ, വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടിൽ നിന്നും വ്യത്യസ്തമായി അര മീറ്റർ പൊക്കത്തിന് പകരം നാലര മീറ്റർ പൊക്കമുള്ളതായി കണ്ടെത്തി.അങ്ങനെ വരുമ്പോൾ ഏകദേശം 660 ഓളം ക്യുബിക് മീറ്റർ മണ്ണ് ഉണ്ടാകുമെന്നാണ് സ്ഥിരീകരിച്ചത്.ഈ സ്ഥാനത്താണ് 22 ക്യുബിക് മീറ്ററായി മണ്ണ് ലേലത്തിന് കൊടുത്തത്. ഇത് തീർത്തും അഴിമതിയാണെന്ന് ജന സഹായി സംഘടന കണ്ടെത്തി.തുടർന്ന്, നഗരസഭാ അധികൃതരും രംഗത്തെത്തി നാട്ടുകാരോടും സംഘടനയോടും ഒപ്പം ചേർന്നു.അതോടെ,മണ്ണ് ലേലം എടുത്തവർ തുടർന്നുള്ള മണ്ണ് കൊണ്ടു പോകലിൽ നിന്നും പിൻ വാങ്ങി. പിന്നെ, ശേഷിച്ച മണ്ണിൽ നിന്നും നഗരസഭ സ്മശാനം കോംപൗണ്ടിൽ ഇടാൻ 20 ലോഡ് മണ്ണ് കൊണ്ടു പോകുകയും ആശുപത്രി കോംപൗണ്ടിൽ 35 ഓളം ലോഡ് മണ്ണ് ഇടുകയും ചെയ്തു. ഇനിയും ഏകദേശം 10 ക്യുബിക് മീറ്ററിന് മുകളിൽ മണ്ണ് അവശേഷിക്കുകയാണ്.

അടുത്തതായി റോഡ് നിയമം കാറ്റിൽ പറത്തി സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണമാണ്.നിയമ പ്രകാരം ദേശീയ പാതയ്ക്ക് സ്ഥലമെടുക്കുന്നതിനാൽ റോഡിന്റെ രണ്ട് വശത്ത് നിന്നും ഏഴര മീറ്റർ കഴിച്ച് വേണം എതിന്റെയെങ്കിലും നിർമ്മാണ പ്രവർത്തനം നടത്തേണ്ടത്.കൂടാതെ, ബിൽഡിംഗ് റൂൾ അനുസരിച്ചും നിർമ്മാണ വ്യവസ്ഥ പരിപാലിക്കേണ്ടതുണ്ട്.അങ്ങനെ വരുമ്പോൾ റോഡിൽ നിന്നും പന്ത്രണ്ടര മീറ്റർ നീക്കി വേണം നിർമ്മാണം നടത്തേണ്ടത്.ഇതിന് നഗരസഭയുടെ അനുമതിയും വേണം. എന്നാൽ, ഈ വ്യവസ്ഥയൊന്നും പാലിക്കാതെ റോഡിൽ നിന്നും വെറും നാലര മീറ്റർ മാറ്റിയാണ് പൊതുമരാമത്ത് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം നടത്തുന്നത്. ഇപ്പോൾ പണി ദ്രുതഗതിയിൽ നടക്കുകയാണ്.ഈ പോരായ്മ ചൂണ്ടിക്കാട്ടി ജന സഹായി സംഘടനാ ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിവരം ധരിപ്പിച്ചപ്പോൾ, അദ്ദേഹം അവരോട് മോശമായി പെരുമാറുകയും വരുംവരായ്കകൾ മനസ്സിലാക്കാൻ കൂട്ടാക്കിയതുമില്ല. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാൻ ആശുപത്രിയിൽ ഇപ്പോൾ നിർമ്മാണം നടക്കുന്ന  ഭാഗത്തിന് സമീപത്തായി റോഡ് നിയമം പാലിച്ച് നിർമ്മിക്കാൻ സ്ഥലം ഉണ്ടായിരിക്കെ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഏകപക്ഷീയമായ നടപടി തീർത്തും നിക്ഷേധാത്മകമായ നിലപാടാണെന്ന് ജന സഹായി സംഘടനക്കാർ പറയുന്നു.നിർമ്മാണം പൂർത്തിയാകുന്ന ട്രീറ്റ്മെന്റ് പ്ലാൻറിന്റെ കാലാവധി 50 വർഷത്തെ ദൈർഘ്യമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.സംസ്ഥാനത്ത് സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാൻ ഗവൺമെന്റ് അനുവദിച്ചിട്ടുള്ള മുന്ന് താലൂക്ക് ആശുപത്രികളിൽ ഒരെണ്ണമാണ്‌ ഇത്. ജില്ലാ ആശുപത്രിക്ക് പോലും ഈ സംവിധാനം ഇല്ല. റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം എടുക്കേണ്ടി വരുമ്പോൾ, ഇപ്പോൾ നിർമ്മിക്കുന്ന ഈ ട്രീറ്റ്മെന്റ് പ്ലാൻറ് ഇടിച്ച് നിരത്തേണ്ടി വരുമെന്നാണ് ജനകീയ പക്ഷം. അങ്ങനെ വരുമ്പോൾ, സർക്കാരിന്റെ ഖജനാവും ആശുപത്രിക്ക് ട്രീറ്റ്മെന്റ് പ്ലാന്റും ഇല്ലാതാവാനുള്ള അവസ്ഥയാണുള്ളത്. സ്ഥലം MLA യും ഇക്കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയ്ക്കും ജന സഹായി സംഘടന പരാതി നല്കായിട്ടുണ്ട്. ഏതായാലും ദീർഘ വീക്ഷണമില്ലാതെ ബന്ധപ്പെട്ടവർ നിയമം ലംഘിച്ച് ഇങ്ങനെ നിർമ്മാണം നടത്തി പൂർത്തീകരിക്കുന്നത് വിദൂരമല്ലാത്ത ഭാവിയിൽ ജലരേഖയായി മാറാനുള്ള സാധ്യതയാണ് കാണിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments