പുറ്റിങ്ങൽ ശ്രീദേവി ക്ഷേത്രത്തിൽ സ്റ്റേജിന്റെ കോൺക്രീറ്റ് നിർമ്മാണത്തിനിടെ മേൽക്കൂര തകർന്നു വീണ അപകടത്തിൽ കരാറുകാരനെതിരെ പോലീസ് കേസ് എടുത്തു.
മതിയായ സുരക്ഷാ സംവിധാനമില്ലാതെ നിർമ്മാണം നടത്തിയതിനാണ് കേസ്.
കരാറുകാരനായ ബാബു ഉണ്ണിത്താനെ പ്രതിയാക്കിയാണ് എഫ് ഐ ആർ രജിസ്ട്രർ ചെയ്തത്.
തിങ്കളാഴ്ച ഉച്ചയക്ക് ശേഷം മുന്നേ കാലിനോടടുപ്പിച്ചായിരുന്നു സംഭവം.
സ്റ്റേജിന്റെ മുകൾതട്ട് കോൺക്രീറ്റ് ചെയ്യുന്ന അവസരത്തിൽ അവസാന ഘട്ടത്തിൽ എത്തുമ്പോഴാണ് കോൺക്രീറ്റ് ചെയ്തഭാഗങ്ങൾ മൊത്തത്തിൽ നിലംപതിക്കുന്നത്.
മൂന്നു മണിക്കു മുമ്പേ125 ഓളം പാക്കറ്റ് സിമൻറ് ഉപയോഗിച്ച് കോൺക്രീറ്റ് നടത്തിയിരുന്നു. ശേഷിച്ച 5 പാക്കറ്റിന്റെ പണി പൂർത്തീകരിക്കുന്ന ഘട്ടത്തിലായിരുന്നു, വലിയ ശബ്ദത്തോടു കൂടി, കോൺക്രീറ്റ് ചെയ്ത മൊത്തം ഭാഗവും താഴേക്ക് പതിച്ചത്.
അഞ്ച് പാക്കറ്റിന്റെ നിർമ്മാണം സ്റ്റേജിന്റെ വശങ്ങളിലേതായതിനാൽ, 35 ഓളം ഉണ്ടായിരുന്ന തൊഴിലാളികളിൽ ഏറെയും സ്റ്റേജിന്റെ പുറമെയായിരുന്നു.അതു കൊണ്ടു് തന്നെ അപകടത്തിന്റെ വ്യാപ്തിയും കുറയാനായി. ഈ സമയം കോൺക്രീറ്റിന്റെ മുകളിൽ 10 പേർ ഉണ്ടായിരുന്നു. കോൺക്രീറ്റ് നിലംപതിച്ചപ്പോൾ ഇവരാണ് താഴേക്ക് വീണ് അപകടം സംഭവിച്ചത്.ഇതിൽ 9 പേർക്ക് പരിക്കേറ്റു.4 കോൺക്രീറ്റുകാർ, ഒരു വൈബ്രേറ്റർ തൊഴിലാളി, ഒരു ഇലക്ട്രീഷ്യൻ, 2മേശിരിമാർ, ഫോർമാൻ തുടങ്ങിയവരാണ് കോൺക്രീറ്റിന് മുകളിൽ ഉണ്ടായിരുന്നത്.സംഭവം ഉണ്ടായ ഉടൻ തന്നെ സമീപത്തെ ഒരു പെട്ടി ആട്ടോ ഡ്രൈവർ കോൺക്രീറ്റിന് അടിയിൽ നിന്നും എടുത്ത 3 പേരെ ആട്ടോയിൽ കയറ്റി സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും 4 പേരെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു .ശേഷിച്ചവരെ നാട്ടുകാർ ആസ്പത്രിയിൽ എത്തിച്ചു.
ഇതിൽ ഗുരുതരമായി പരിക്കേറ്റ ഭദ്രൻ, കുട്ടപ്പൻ ‘രാജു എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
3 പേർ പാരിപ്പള്ളി ഇ എസ് ഐ ആശുപത്രിയിലും 2 പേർ നെടുങ്ങോലം താലുക്ക് ആശുപത്രിയിലുമാണുള്ളത്.
ഇരട്ട സ്റ്റേജിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടം വരുത്തിവെച്ചതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
56 അടി നീളമുള്ള സ്റ്റേജിന്റെ നിർമ്മാണത്തിന് ആകെയുണ്ടായിരുന്നത് സിമൻറ് കട്ടയിൽ നിർമ്മിച്ച 9 ബീമുകളാണ്.
രണ്ട് സ്റ്റേജുകളുടെ നിർമ്മാണമാണ് ഇതിൽ നടന്നുവരുന്നത്. ഒന്ന് 36 അടിയും പിന്നൊന്നു 20 അടി നീളവുമാണുള്ളത്.
കോൺക്രീറ്റ് നിർമ്മാണത്തിനായി തട്ടിന് താങ്ങായി നിർത്തിയത് കാറ്റാടി കഴകളും മറ്റ് തടികളുമായതിനാൽ കോൺക്രീറ്റ് താങ്ങാനുള്ള ശേഷി തട്ടിന് ഉണ്ടായില്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്. ഇരുമ്പ് തൂണിട്ട് ചെയ്യേണ്ടതിന് പകരം തടികൾ ഉപയോഗിച്ചതാണ് അപകടം ക്ഷണിച്ചു വരുത്താൻ കാരണമായി കരുതുന്നത്.
കോൺക്രീറ്റിന് ലോലമായ കമ്പികളാണ് പൊതുവെ ഉപയോഗിച്ചിട്ടുള്ളത്.
സ്റ്റേജ് നിർമ്മാണത്തിന് ഒരു എഞ്ചിനീയറുടെ സാങ്കേതികത്വം ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.കൂടാതെ, നഗരസഭയുടെ നിർമ്മാണ അനുമതിയും സമ്പാദിച്ചിരുന്നില്ല.
ഒരു പ്രവാസി മലയാളിയായ ക്ഷേത്രം വിശ്വാസി സ്ഥിരമായ ഒരു സ്റ്റേജ് അവിടെ നിർമ്മിക്കാൻ ക്ഷേത്രത്തിൽ സംഭാവനയായി 15 ലക്ഷം രൂപാ നല്കിയിരുന്നു.പക്ഷേ, ഒരു വ്യവസ്ഥയും അദ്ദേഹം വെച്ചിരുന്നു: സ്റ്റേജിന്റെ നിർമ്മാണത്തിന്റെ കരാർ വിശ്വാസി നിശ്ചയിക്കുന്ന ആളായിരിക്കണം എന്നതായിരുന്നു വ്യവസ്ഥ.ആ വ്യക്തി ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾക്കും സമ്മതനായിരുന്നു.അങ്ങനെയാണ് രണ്ട് മാസം മുമ്പ് ഇരട്ട സ്റ്റേജിന്റെ നിർമ്മാണം ക്ഷേത്രത്തിൽ ആരംഭിക്കുന്നത്. സ്റ്റേജ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് വരെ എല്ലാ വർഷവും ഉത്സവത്തോടനുബന്ധിച്ച് ഓലകൊണ്ട് പല ആകൃതിയിലും വലുപ്പത്തിലും ഇരട്ട സ്റ്റേജ് നിർമ്മിക്കുന്നത് പതിവായിരുന്നു. അതിനൊരു മാറ്റം ഉണ്ടാകണമെന്ന അടിസ്ഥാനത്തിലാണ് പുറ്റിങ്ങൽ ക്ഷേത്രത്തിലെ ആ വിശ്വാസി സ്ഥിരമായി ഇരട്ട സ്റ്റേജ് നിർമ്മിക്കാൻ മുൻകൈ എടുത്തതും 15 ലക്ഷം രൂപാ അതിന്റെ ആവശ്യത്തിനായി നല്കിയതും.
ഏതായാലും, പുറ്റിങ്ങൽ ശ്രീദേവീക്ഷേത്രത്തിൽ അകാരണമായി അപകടങ്ങൾ ആവർത്തിക്കുകയാണ്.
ജ്യോതിഷ പ്രകാരം ക്ഷേത്രത്തിന്റെ ചുറ്റമ്പലം പൊളിച്ച് കളയണമെന്ന് അഭിപ്രായം ഉയർന്നെങ്കിലും അത് ഇപ്പോൾ നിയമക്കുരുക്കിൽ കിടക്കുകയാണ്.
ദൈവങ്ങൾക്കും ശനി ബാധിക്കുമെന്ന് പറഞ്ഞ് കേൾക്കാറുണ്ടു്.
ഇവിടെ ദൈവത്തിനാണോ മനുഷ്യനാണോ ശനി ബാധിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു?