26.1 C
Kollam
Wednesday, November 20, 2024
HomeNewsഅനധികൃത പാറ ഖനനത്തിന് അധികൃതരുടെ ഒത്താശ

അനധികൃത പാറ ഖനനത്തിന് അധികൃതരുടെ ഒത്താശ

വെളിനെല്ലൂർ പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമല പുളിമ്പാറയുടെ ഖനനം അനധികൃതമായി തുടർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല.
പകരം ഒത്താശ ചെയ്യുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഭൂനിരപ്പിൽ നിന്നും ഒന്നര ഏക്കറോളം സ്ഥലത്ത് 300 അടി താഴ്ച വരെ ഖനനം നടത്തിയിരിക്കുകയാണ്.


കാൽ നൂറ്റാണ്ടിന് മുമ്പ് ഖനനം ആരംഭിച്ച ഓട്ടുമല പുളിമ്പാറ ഭൂനിരപ്പിൽ നിന്നും 400 അടി ഉയരത്തിലായിരുന്നു.
അത് ഖനനം ചെയ്താണ് ഇപ്പോൾ ഭൂനിരപ്പിൽ നിന്നും 300 അടിയോളം താഴ്ചയിൽ ഖനനം നടത്തിയിട്ടുള്ളത്.
ഇപ്പോൾ ഈ ഭാഗം വെള്ളക്കെട്ടായി രൂപം പ്രാപിച്ചിരിക്കുകയാണ്.
ഇത് സമീപ വാസികളുടെ താമസത്തെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ കോട്ടം ഭവിച്ചു.
ഖനനാനുമതി ലഭിച്ചാൽ സാധാരണ ഭൂനിരപ്പാകുമ്പോൾ ഖനനം നിർത്തേണ്ടതാണു്. എന്നാൽ, ഖനനം നടത്തുന്നവർ അധികൃതരെ സ്വാധീനിച്ച്, നിയമ ലംഘനം നടത്തി, പിന്നെയും ഖനനം നടത്തുകയാണ്.
അവരുടെ ഏക ലക്ഷ്യം പണം മാത്രമാണ്.
ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ മാഫിയാകളായിട്ടുള്ള ഇവർ പ്രതികരിക്കുന്നവരെ ഉൻമൂലനം ചെയ്യാനുള്ള നടപടികളാണ് സ്വീകരിച്ച് കാണുന്നത്. അല്ലെങ്കിൽ, ഭീഷണിപ്പെടുത്തി മാനസികമായി തളർത്തുകയാണ് പതിവ്.


സാധാരണ ഗതിയിൽ ഖനനത്തിന് അനുമതി നല്കിയാൽ ഭൂനിരപ്പിൽ നിന്നും താഴോട്ട് പോയാൽ (അതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്) ഖനനത്തെ തുടർന്ന് ലഭിക്കുന്ന പാഴ് വസ്തുക്കൾ,മണ്ണ് തുടങ്ങിയവ കുഴി രൂപപ്പെട്ട ഭാഗത്ത് ഇട്ട് നിരപ്പാക്കണമെന്നാണ് വ്യവസ്ഥ.
ഇത് ആരും തന്നെ പാലിച്ച് കാണാറില്ല.എന്നാൽ, പരിധി വിട്ട് ഖനനം നടത്തുമ്പോൾ, അധികൃതർ ഇടപെട്ട് നിർത്തേണ്ടതിന് പകരം, വഴിവിട്ട ബന്ധത്തിലൂടെ, ഖനനക്കാർക്ക് വീണ്ടും ഒത്താശ ചെയ്യുന്നതായാണ് കണ്ടു വരുന്നത്. ഫലമോ? ഒരു പ്രദേശത്തിന്റെ നാശത്തിലേക്ക് വഴിതെളിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
ഇതു തന്നെയാണ് ഓട്ടുമല പുളിമ്പാറയ്ക്കും സംഭവിച്ചത്.
ഖനനത്തിന്റെ പരിധി വിട്ടപ്പോൾ ജിയോളജി ആന്റ് മൈനിംഗ് വിഭാഗം രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല.എന്നാൽ, അവരും തുടർ നടപടി സ്വീകരിച്ചില്ല.
പഞ്ചായത്തും, ജനപ്രതിനിധികളും,പോലീസും ഖനനക്കാരോടൊപ്പമാണുള്ളതെന്ന് പറയുന്നു.
ഖനനം പരിധിക്കും അപ്പുറമായതിനാൽ ഇവിടുത്തെ ഖനനം വർഷങ്ങൾക്ക് മുമ്പ് നിർത്തി.എന്നാൽ, കുഴിഭാഗം മൂടാൻ ഇനിയും ഇവർ തയ്യാറായിട്ടില്ല.


ഇപ്പോൾ പലയിടത്തും ഖനനം നടത്തുന്നത് ഒരു സ്ഥലത്തെ പരിധി കഴിയുമ്പോൾ, നിയമ തടസം ഉണ്ടാകാതിരിക്കാൻ, മറ്റൊരു പാറമടയുടെ ഖനനാനുമതി നേടി, അതിന്റെ “പാസ്” ഉപയോഗിച്ചാണ് പരിധി കഴിഞ്ഞ സ്ഥലത്ത് വീണ്ടും ഖനനം നടത്തി പാറകൾ കടത്തുന്നത്.
ഇങ്ങനെയുള്ളവർ നാടിന്റെ ശാപമാണ്. പ്രകൃതിയുടെ ശാപമാണ്.
ബന്ധപ്പെട്ടവർ ഒത്താശ ചെയ്യുന്നതിന് പകരം പ്രകൃതിയെ ദ്രോഹിക്കാതെ, നാട്ടുകാരെ ദ്രോഹിക്കാതെ, നടപടി സ്വീകരിച്ചില്ലെങ്കിൽ ഇപ്പോൾ പ്രളയം എന്ന പ്രതിഭാസം നല്കിയ മറ്റൊരു ദുരന്തം അവിടെ ഏറ്റുവാങ്ങേണ്ടി വരും!

- Advertisment -

Most Popular

- Advertisement -

Recent Comments