സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേൽക്കൈ. തെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ 10 ഇടത്ത് എൽഡിഎഫ് ജയിച്ചു. യുഡിഎഫ് 7 സീറ്റ് നേടി. ബിജെപി ഒരിടത്ത് ജയിച്ചു. അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി.
കാസർകോട് (എൽഡിഎഫ് 3, യുഡിഎഫ് 2)കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാർഡായ പട്ടാജെയിൽ യുഡിഎഫിന് അട്ടിമറി ജയം. ബിജെപിയിൽ നിന്ന് 38 വോട്ടിനാണ് യുഡിഎഫ് ഈ വാർഡ് പിടിച്ചെടുത്തത്. ശ്യാം പ്രസാദ് മാന്യയാണ് ഇവിടെ വിജയിച്ചത്. കാഞ്ഞങ്ങാട് നഗരഭയിലെ തോയമ്മല്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എൻ.ഇന്ദിര വിജയിച്ചു. കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാർഡായ ആടകത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡായ പള്ളിപ്പുഴയില്‍ യുഡിഎഫ് സ്ഥാനാർഥി സമീറ അബ്ബാസ് വിജയിച്ചു. കുമ്പള പഞ്ചായത്തില്‍ പെര്‍വാഡില്‍ എല്‍ഡിഎഫിലെ എസ്.അനില്‍കുമാര്‍ 189 വോട്ടിന് ജയിച്ചു.
മലപ്പുറം (എൻഡിഎഫ് 1, യുഡിഎഫ് 2)
മലപ്പുറം നഗരസഭയിലെ പതിനൊന്നാം വാർഡായ മൂന്നാംപടി എൽഡിഎഫ് നിലനിർത്തി. 71 വോട്ടിന് സിപിഎം സ്ഥാനാർത്ഥി കെ.എം.വിജയലക്ഷ്മി വിജയിച്ചു. പോക്സോ കേസ് പ്രതിയാക്കപ്പെട്ട കെ.വി.ശശികുമാർ രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല ഡിവിഷൻ യുഡിഎഫ് നിലനിർത്തി. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ മുസ്ലിം ലീഗ് നിലനിർത്തി. 2007 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗിലെ സി.ടി.അയ്യപ്പൻ വിജയിച്ചു.
കോഴിക്കോട് (എൽഡിഎഫ് 1)
കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമ പഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎം സ്ഥാനാർഥി ഷീബ പുൽപ്പാണ്ടി 448 വോട്ടിന് ഇവിടെ ജയിച്ചു.
പാലക്കാട് (എൽഡിഎഫ് 1)
തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. 1,693 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.സ്നേഹ വിജയിച്ചു.
തൃശ്ശൂർ (എൽഡിഎഫ് 1)
കൊണ്ടാഴിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നാം വാർഡായ മൂത്തേടത്തു പടി സിപിഎം നിലനിർത്തി.
എറണാകുളം (യുഡിഎഫ് 1)
ആലുവ നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ജെബി മേത്തർ രാജ്യസഭാംഗം ആയതിനെ തുടർന്ന് രാജി വച്ച ഒഴിവിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം (എൽഡിഎഫ് 1)
കോട്ടയം ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്.
ഇടുക്കി (എൽഡിഎഫ് 1,യുഡിഎഫ് 1)
വണ്ടൻമേട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സൂസൻ ജേക്കബ് വിജയിച്ചു. രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിമലാ ദേവി വിജയിച്ചു. കൂറുമറ്റ നിരോധന നിയമം പ്രകാരം മുൻ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആലപ്പുഴ (എൽഡിഎഫ് 1)
ആലപ്പുഴ പാലമേൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി സജി 88 വോട്ടുകൾക്ക് വിജയിച്ചു.
കൊല്ലം (ബിജെപി 1, യുഡിഎഫ് 1)
കൊല്ലം ഇളമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാർഡ് ബിജെപി നിലനിർത്തി. ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റൻകുളങ്ങര വാർഡ് യുഡിഎഫ് നിലനിർത്തി.