കൊല്ലം റെയിൽവെ സ്റ്റേഷൻ, കർബല, സിവിൽ സ്റ്റേഷൻ പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ തണൽ നല്കിയിരുന്ന കൂറ്റൻ പടു വൃക്ഷങ്ങളിൽ നല്ലൊരു ഭാഗവും മൂടൊടെ മുറിച്ച് മാറ്റിയിരിക്കുകയാണ്.
പൊതുമരാമത്തും ഫോറസ്ട്രിയും കോർപ്പറേഷനും ചേർന്നാണ് പദ്ധതിക്ക് രൂപം നല്കിയത്.
എന്നാൽ, അപകടകരമായി നില്ക്കുന്ന മരങ്ങൾ മുറിച്ച് നീക്കാനാണ് നടപടിയെങ്കിലും അതിന്റെ യാഥാർത്ഥ്യതയിൽ നിന്നും വ്യതിചലിച്ചാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം.
പ്രളയത്തെ തുടർന്നുണ്ടായ അവസ്ഥകൾ മുൻനിർത്തി ഭാവിയിലെ സുരക്ഷിതത്വം കണക്കിലെടുത്താണ് ദ്രുതഗതിയിൽ തണൽമരങ്ങൾ മുറിച്ചു മാറ്റാൻ നടപടി സ്വീകരിച്ചത്.
സാധാരണ ഗതിയിൽ കൂടുതൽ പഴക്കം ചെന്നതും പോടുകൾ വീണ മരങ്ങളുമാണ് ഇങ്ങനെ മുറിച്ച് മാറ്റുന്നത്. അല്ലാതുള്ള മരങ്ങളുടെ ശിഖരങ്ങളാണ് വേർപെടുത്തുന്നത്. എന്നാൽ, ഇതിനൊന്നും തയ്യാറാവാതെ, ഒരു പരിശോധനയ്ക്കും മുതിരാതെ, മുറിക്കേണ്ടതും അല്ലാത്തതുമായ മരങ്ങൾ ചുവട്ടിൽ നിന്നും പാടെ മുറിച്ച് മാറ്റിയിരിക്കുകയാണ്.ദിവസങ്ങളായി ഇത് നടക്കുമ്പോഴും ഒരു ഭാഗത്തും പ്രകൃതി സ്നേഹികളെ കാണാനാവാത്തത് നിർഭാഗ്യകരമായി നില്ക്കുന്നു.
ഏതായാലും, ഈ ഭാഗങ്ങളിലെ തണൽമരങ്ങൾ മൂടോടെ കത്തിവെച്ച് ഇല്ലാതാക്കിയപ്പോൾ, നഷ്ടമായത് പ്രകൃതിയുടെ തണലും ആശ്വാസത്തിന്റെ കിരണങ്ങളുമാണ്.