ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നതില്‍ പ്രധാന പങ്കുവഹിച്ചത് സുപ്രീംകോടതിയാണെന്ന് തുറന്നു പറഞ്ഞു മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ രംഗത്ത്. 2012-ല്‍ ടുജി സ്പെക്ട്രം കേസിലുണ്ടായ കോടതി വിധിയാണ് സാമ്പത്തികസ്ഥിതി ഇപ്പോള്‍ കാണുന്ന അവസ്ഥയിലെത്തിച്ചതെന്ന് സാല്‍വെ കുറ്റപ്പെടുത്തുന്നു.
ഒറ്റയടിക്ക് അന്ന് 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കി ടെലികോം വ്യവസായത്തെ കോടതി തകര്‍ത്തെറിഞ്ഞു. ‘ദ ലീഫ്ലെറ്റ്’ എന്ന നിയമ വെബ്സൈറ്റില്‍ അഭിഭാഷകയായ ഇന്ദിരാ ജെയ്സിങ്ങിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ടുജി ലൈസന്‍സുകള്‍ തെറ്റായ രീതിയില്‍ വിതരണം ചെയ്തതിനു കാരണം അത് അനധികൃതമായി കൈയ്യില്‍ വെച്ച ആളുകളാണെന്ന് എനിക്കു മനസ്സിലാകും. പക്ഷേ വിദേശികള്‍ നിക്ഷേപം നടത്തുന്ന ലൈസന്‍സുകളാണ് കോടതി അപ്പാടെ റദ്ദാക്കിയത്.
തങ്ങളുടെ ഇന്ത്യന്‍ പങ്കാളിക്ക് ലൈസന്‍സ് കിട്ടിയത് എങ്ങനെയാണെന്ന് ഒരിക്കലും ഒരു വിദേശിക്കു മനസ്സിലാകില്ല. കോടിക്കണക്കിന് ഡോളര്‍ വിദേശികള്‍ നിക്ഷേപം നടത്തിയ മേഖലയില്‍ അപ്പാടെ ലൈസന്‍സുകള്‍ റദ്ദാക്കിയതോടെയാണ് സമ്പദ്വ്യവസ്ഥ തകര്‍ന്നു തുടങ്ങിയത്.’- അദ്ദേഹം പറഞ്ഞു.