തലച്ചോര്‍ തിന്നുന്ന അമീബ ബാധിച്ച് പത്തുവയസുകാരി ലിലി അവാന്റിനെ മരണത്തിനു കീഴടങ്ങി. തലച്ചോറിനെ ബാധിക്കുന്ന അപകടകാരിയായ നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് ടെക്‌സസ് സ്വദേശിനി ലിലിയെ ബാധിച്ചത്.
കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് അമേരിക്കയിലെ തൊഴിലാളി ദിന അവധി ആഘോഷിക്കാന്‍ പുഴയിലിറങ്ങിയപ്പോഴാണ് ലിലിയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഠിനപരിശ്രമത്തിലായിരുന്നു ആശുപത്രി അധികൃതര്‍. ഇതിനായി തലച്ചോര്‍ കോമ അവസ്ഥയിലേക്ക് മാറ്റിയ ശേഷം ചികിത്സ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല.
സെപ്തംബര്‍ എട്ടിന് രാത്രി തലവേദനയോടെയാണ് അസുഖം ആരംഭിച്ചത്. പിന്നീട് കടുത്ത പനിയായി. സ്‌കൂളില്‍ നിരവധി പേര്‍ക്ക് പനിയുണ്ടായിരുന്നതിനാല്‍ ആശുപത്രി അധികൃതരും ഇത് വൈറല്‍ പനിയാകുമെന്നാണ് കരുതിയത്. പനിക്കുള്ള മരുന്ന് നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു.
എന്നാല്‍ പിന്നീട് അസുഖം മൂര്‍ച്ഛിച്ചു. തലച്ചോര്‍ തിന്നുന്ന അമീബ ശരീരത്തില്‍ കടന്നിരിക്കുന്നുവെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ അമീബ ശരീരത്തില്‍ കടന്ന്, രോഗലക്ഷണങ്ങള്‍ പുറത്തുവന്നാല്‍ പിന്നീട് പരമാവധി 18 ദിവസമാണ് വ്യക്തിക്ക് ആയുസുണ്ടാവുക. ലിലി പത്താം ദിവസം മരണത്തിന് കീഴടങ്ങി.