ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി ഇളവ് പൊള്ളയാണെന്ന് വെട്ടി തുറന്ന് പറഞ്ഞ് സി.പി.ഐ.എം.
റിസര്‍വ് ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത തുകയാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനൊരുങ്ങുന്നത്. ആദായ നികുതി നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്നതും അതേസമയം ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതുമാണ്.
റിയല്‍ എസ്റ്റേറ്റ് , കയറ്റുമതി ബിസിനസുകാര്‍ക്ക് 70,000 കോടി രൂപയുടെ സൗജന്യം നല്‍കിയതിനു പിന്നാലെയാണ് കോര്‍പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നു പിടിച്ചു വാങ്ങിയ 1.76 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താനും പൊതുനിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ തയ്യാറല്ലെന്നും സി.പി.ഐ.എം ആരോപിക്കുന്നു.
ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു കാരണം ജനങ്ങള്‍ക്ക് വാങ്ങല്‍ശേഷി ഇല്ലാത്തതാണ്. തൊഴിലില്ലായ്മ, കൂട്ടപിരിച്ചുവിടല്‍, വരുമാന ഇടിവ് എന്നിവ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുകയാണ്. ബജറ്റ് പ്രഖ്യാപനങ്ങളിലെ തിരുത്തലുകള്‍ വഴി സാമ്പത്തിക മാന്ദ്യം മറികടക്കാനാവില്ലെന്നും സി.പി.ഐ.എം പ്രതികരിച്ചു.