മരട് ഫ്ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമാണെന്ന അനാസ്ഥയെന്ന് സുപ്രീംകോടതി വിലയിരുത്തല്‍. ഇങ്ങനെ എങ്കില്‍ കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എത്ര ദിവസം വേണ്ടി വരുമെന്നും കോടതി ചോദിച്ചു. കേസ് പരിഗണിച്ച ഉടനെ തന്നെ ചീഫ് സെക്രട്ടറിയെ അന്വേഷിച്ച കോടതി ശാസിക്കാനും മറന്നില്ല. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്ന് അതിശക്തമായ ഭാഷയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ശാസിച്ചു.
ഫ്ളാറ്റ് പൊളിക്കാന്‍ മൂന്നു മാസം വേണമെന്നായിരുന്നു ചീഫ് സെക്രട്ടറി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തി. കേസില്‍ വിശദമായ ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ഇടപെടുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വെള്ളിയാഴ്ച വരെ സമയം നീട്ടി നല്‍കി.
അതേസമയം പരിസ്ഥിതി ആഘാത പഠനം നടത്തുന്നതുവരെ പൊളിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജിയും ഇന്നു കോടതിയുടെ മുന്‍പാകെയെത്തും. അന്ത്യശാസനം പാലിക്കപ്പെടാതെയാണ് മരട് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്‍പിലെത്തുന്നത്.