പിറവം സെയ്ന്റ് മേരീസ് പള്ളി (വലിയ പള്ളി) സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളി ഓര്‍ത്തഡോക്‌സ് സഭക്ക് വിട്ടു നല്‍കാന്‍ ഒരുങ്ങി പോലീസും ജില്ലാ ഭരണ കൂടവും. രാവിലെ ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാനായിരുന്നു പോലീസ് തീരുമാനം. കഴിഞ്ഞദിവസം തന്നെ പള്ളിക്ക് അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിയുടെ പ്രവേശനകവാടം പൂട്ടിയിട്ട് പ്രതിഷേധം നടത്തുകയാണ്. മരിച്ചാലും ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇവര്‍. പ്രായമായ സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
രാവിലെ ഏഴുമണിയോടെ പള്ളിയില്‍ പ്രവേശിക്കാനായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ഇതിന്‍രെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ടു തന്നെ പിറവത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിരുന്നു. എന്നാല്‍ യാക്കോബായ വിശ്വാസികളും ചൊവ്വാഴ്ച തന്നെ പള്ളിയിലെത്തി.
രാത്രി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏതാനും മെത്രാപ്പോലീത്തമാരും വലിയ പള്ളിയിലെത്തി പള്ളിയകത്ത് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അവര്‍ വിശ്വാസികള്‍ക്കൊപ്പം പള്ളിയകത്തിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിപ്രവേശനത്തിനെത്തിയാല്‍ എന്തായിരിക്കും നിലപാടെന്ന് അവര്‍ അപ്പോഴും വ്യക്തമാക്കിയിരുന്നില്ല.
റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തിക് അടക്കം അനുരഞ്ജനത്തിന് ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല.
എഴുനൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് ഇപ്പോഴും നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം സ്‌കൂബ ടീമിനെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ആര്‍.ഡി.ഒ. യുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് സംഘവുമുണ്ട്. എന്നാല്‍ യാക്കോബായ വിശ്വാസികളും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളും പള്ളി അങ്കണത്ത് തടിച്ചു കൂടിയതോടെ ഇതിലേറെ പോലീസ് സേനയെ വിന്യസിക്കേണ്ടിവരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
പിറവത്ത് പുഴയുടെ തീരത്താണ് വലിയ പള്ളി. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നായി നാല് ബോട്ടുകളും പിറവത്തെത്തിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തിക്, അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ.എം. സോജന്‍, ഡിവൈ.എസ്.പി. കെ. അനില്‍കുമാര്‍ എന്നിവരെത്തിയെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. ഏത് നിമിഷവും സംഘര്‍ഷം നടക്കുമെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മോബ് വൈലന്റായാല്‍ ‘ചാര്‍ജ്’ ഓര്‍ഡര്‍ നല്‍കണമോ എന്ന കാര്യത്തില്‍ ജില്ലാ സൂപ്രണ്ട് കെ.കാര്‍ത്തിക് കടക്കുമോ എന്ന കാര്യം അറിയാനായിട്ടില്ല. രക്തം ചീന്തിയായാലും പള്ളി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യാക്കോബായ സഭ. അതേസമയം,
ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ കേന്ദ്രീകരിച്ച ശേഷം വലിയ പള്ളിയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരാധന നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് പക്ഷത്തെ ഫാ. സ്‌കറിയ വട്ടക്കാട്ടില്‍, ഫാ. മാത്യു കാഞ്ഞിരം പാറയില്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. മാത്യു വാതക്കാട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ പള്ളിയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്.