പാലായില്‍ മാണി സി.കാപ്പന് വിജയം നല്‍കി നിയമസഭയിലേക്ക് ആന്നയിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . വീണ്ടും ജനക്ഷേമവികസന പരിപാടികളുമായി മുമ്പോട്ടുപോകാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിനു ജനങ്ങള്‍ നല്‍കിയ ഗ്രീന്‍ സിഗ്നലാണ് പാലായിലെ വിധിയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അരനൂറ്റാണ്ടിലേറെക്കാലം മാണിയൊടൊപ്പം സഞ്ചരിച്ച പാലായിലെ ജനങ്ങളുടെ ചിന്താമാറ്റം ഇവിടെ ഒതുങ്ങുന്നില്ല. വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതു തന്നെയാവും പ്രതിഫലിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ഇല്ലാതിരുന്ന ജനവിഭാഗം കൂടിയതോതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയോടടുക്കുന്ന നേര്‍ കാഴ്ചക്കാണ് ഇന്നത്തെ വിജയം വരവറിയിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33,472 വോട്ട് യു.ഡി.എഫ് അധികം നേടിയ മണ്ഡലത്തിലാണ് എല്‍.ഡി.എഫ് ഇത്രയധികം വോട്ട് അധികം നേടിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ ഒട്ടും വിശ്വാസത്തിലെടുക്കാത്ത നിലയായി. പാലാരിവട്ടം പാലം പോലുള്ള മൂര്‍ത്തമായ അഴിമതികളെക്കുറിച്ച് തെളിവുവെച്ച് ഞങ്ങള്‍ ജനങ്ങളോടു പറഞ്ഞു. അതിലെ നേര് ജനം തിരിച്ചറിഞ്ഞു.
അപ്പോള്‍ അടിസ്ഥാനരഹിതമെന്നു തുറന്നുറപ്പുള്ള കിഫ്ബി – ട്രാന്‍സ്ഗ്രിഡ് ആരോപണങ്ങളുമായി പുകമറ ഉയര്‍ത്തി പ്രതിരോധിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തി. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ക്ക് ഇത്രമേല്‍ വിലയില്ലാതായ കാലം വേറെയുണ്ടായിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു.