പാലാരിവട്ടം പാലം അഴിമതി കേസില്‍ കളമശ്ശേരി എംഎല്‍എയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ തേടി വിജിലന്‍സ്.
് അന്വേഷണ സംഘം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പ്രത്യേകാന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അസ്സല്‍ രേഖകള്‍ക്കായി കത്തയച്ചത്. അഴിമതി കേസില്‍ ഫയലുകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സിന് നേരത്തെ അനുമതി നല്‍കിയിരുന്നു.
പാലത്തിന്റെ നിര്‍മ്മാണക്കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് മന്ത്രിയായിരുന്നെന്നായിരുന്നു പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ വെളിപ്പെടുത്തല്‍. ഹൈക്കോടതിയിലും സൂരജ് ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം സൂരജിനെ വീണ്ടും ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
അഴിമതിയില്‍ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ട് മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് വിജിലന്‍സിന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. വീണ്ടും ചോദ്യംചെയ്യല്‍ കേസില്‍ നിര്‍ണായകമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അഴിമതിയില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഇത് തലവേദനയാകും.