മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ പൊളിഞ്ഞ സാഹചര്യത്തില്‍ എന്‍.സി.പിയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയേരി. കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കാന്‍ മൂന്നു ദിവസം കൂടി സമയം നീട്ടി നല്‍കണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ക്ഷണിച്ചത്.
അതേസമയം സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി നീളുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍.സി.പി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ശിവസേനയുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ തീരുമാനമാവാതെ പിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടെങ്കിലും സോണിയ മൗനം പാലിക്കുകയായിരുന്നു.
അതേസമയം , സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയം ഗവര്‍ണര്‍ നീട്ടിനല്‍കാതിരുന്നതിനെ തുടര്‍ന്ന് ശിവസേനയും തിരക്കിട്ട നീക്കങ്ങളിലാണ്. എന്‍.ഡി.എ ബന്ധം തത്വത്തില്‍ ഉപേക്ഷിച്ച സേനയ്ക്ക് എന്‍.സി.പിയുമായി സഹകരിക്കുക മാത്രമേ ഇവിടെ രക്ഷയുള്ളൂ. ഇന്നലെ രാത്രി മൂന്നുവട്ടമാണ് ഉദ്ധവ് താക്കറെ ശരദ് പവാറുമായി ഫോണില്‍ സംസാരിച്ചത്. ശിവസേനക്കൊപ്പം ചേര്‍ന്നാണ് എന്‍.സി.പിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതെന്നും ഇക്കാര്യങ്ങള്‍ സംസാരിച്ച് ധാരണയിലെത്താന്‍ സമയമെടുക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്ന് 11 മണിയോടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും ശരദവ് പവാറും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യോഗം ചേരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസും എന്‍.സി.പിയും തയ്യാറാവാതെ വന്നാല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രാബല്യത്തില്‍ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.