25.8 C
Kollam
Monday, December 23, 2024
HomeNewsശിവസേനയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് ശരദ് പവാറിന്റെ അവസാന നിമിഷത്തെ ഫോണ്‍കോള്‍ ; ശിവസേനയുമായുള്ള സഖ്യ തീരുമാനത്തിന്...

ശിവസേനയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് ശരദ് പവാറിന്റെ അവസാന നിമിഷത്തെ ഫോണ്‍കോള്‍ ; ശിവസേനയുമായുള്ള സഖ്യ തീരുമാനത്തിന് തൊട്ടുമുമ്പ് പവാര്‍ സോണിയയെ വിളിച്ചത് ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ …

മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു ശിവസേന. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകിയ സാഹചര്യത്തില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി.ഇതിനു പിന്നില്‍ എന്താണെന്നറിയാനുള്ള അന്വേഷണത്തിലായിരുന്നു വാര്‍ത്താ മാധ്യമങ്ങള്‍. ഒടുവില്‍ അതിനുള്ള ഉത്തരം കണ്ടെത്തി.

എന്‍.സി.പി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ അവസാന മണിക്കൂറില്‍ നടത്തിയ ഫോണ്‍കോളാണ് മഹാരാഷ്ട്രയിലെ ഏറ്റവും ഒടുവിലെ പ്രതസന്ധിക്ക് കാരണമായതെന്നാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനോട് ആദ്യം എതിര്‍പ്പുണ്ടായിരുന്നെങ്കിലും സോണിയാ ഗാന്ധി സഖ്യ തീരുമാനത്തിന് തൊട്ടടുത്തെത്തിയിരുന്നു. ബിജെപിയോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു ഇതിനു പിന്നില്‍.
എന്നാല്‍ നിര്‍ണായക സമയത്ത് ശരദ് പവാറിന്റെ ഫോണ്‍കോള്‍ സോണിയയെ തേടിയെത്തി. അവിടെ കോണ്‍ഗ്രസ് ശിവസേനയുമായി സഖ്യത്തിലെത്തുന്നതിലുള്ള നീരസം പവാര്‍ പ്രകടിപ്പിച്ചുവെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് സോണിയ മഹാരാഷ്ട്രാ വിഷയത്തിലൂന്നി നിരവധി ചര്‍ച്ചകള്‍ നടത്തുകയും ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയുമായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഉദ്ധവ് താക്കറെ സോണിയയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തിയശേഷം തീരുമാനമറിയിക്കാം എന്നായിരുന്നു സോണിയ നല്‍കിയ മറുപടി.

ഇതിന് പിന്നാലെയാണ് പവാര്‍ സോണിയയുമായി ബന്ധപ്പെട്ട് സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചത്. ശിവസേനയ്ക്ക് എന്‍.സി.പി പിന്തുണ അറിയിച്ചതിന് ശേഷമായിരുന്നു പവാറിന്റെ ഫോണ്‍ കോള്‍.

ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ആലോചനകള്‍ നടത്താനുണ്ടെന്നും പിന്തുണയറിയിച്ചുകൊണ്ടുള്ള കത്ത് താന്‍ സേനയ്ക്ക് ഉടന്‍ നല്‍കില്ലെന്നും പവാര്‍ ഫോണിലൂടെ സോണിയയെ അറിയിച്ചു.

എന്‍.സി.പിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് മാത്രമാണ് കുറവുള്ളതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും സേനയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും പവാര്‍ പറഞ്ഞു. അധികാരം പങ്കുവെക്കാമെന്ന ആശയമാണ് പവാര്‍ സോണിയയുമായി പങ്കുവച്ചത്. ഇതോടെ ശിവസേനക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments