മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി .ബിജപി ഇതര സഖ്യ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച സംയുക്ത വാര്‍ത്തസമ്മേളനം നടത്തുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം ശിവസേനയ്ക്കും എന്‍.സി.പിക്കുമായി പങ്കിടുക എന്നതാണ് മുഖ്യ ധാരണ.
കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തിമാക്കി രംഗത്തെത്തിയിട്ടുണ്ട്. ‘മതേതരത്വം’ എന്ന വാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ഭാഷ്യം. പാര്‍ട്ടികളുടെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. ‘ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം. കോണ്‍ഗ്രസ്-എന്‍.സി.പി ശിവസേന കൂട്ടുകെട്ടിന് സാമുദായിക അജണ്ട ഉണ്ടാവില്ലെന്നും ‘യഥാര്‍ത്ഥ ലിബറല്‍’ ആണെന്ന് ശിവസേന ഉറപ്പ് നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രി പദം ശിവസേനയും എന്‍.സി.പിയും തമ്മില്‍ പങ്കിട്ടെടുക്കുകയെന്നാണ് ധാരണയായത്. രണ്ടര വര്‍ഷം തുല്യമായി പങ്കിടാനാണ് തിരുമാനം. അതേസമയം, ആദ്യ രണ്ടര വര്‍ഷം ആര്‍ക്ക് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍, എന്‍.സി.പിക്കാകും ആദ്യ അവസരം ലഭിക്കുകയെന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിക്കുമെന്നും അവര്‍ പറഞ്ഞു. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ ആദ്യം വിമുഖത കാണിച്ച സോണിയാ ഗാന്ധി സഖ്യത്തിന് ഒടുവില്‍ പച്ചകൊടി കാണിക്കുകയായിരുന്നു.