മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ നല്‍കിയ കത്ത് നാളെ രാവിലെ 10:30-ന് ഹാജരാക്കണമെന്ന് സുപ്രീം കോടതി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, അടിയന്തിരമായി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. വിശ്വാസവോട്ടെടുപ്പ് വൈകുന്നത് കുതിരക്കച്ചവടത്തിനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അത് നിയമസഭയില്‍ തെളിയിക്കട്ടെയെന്നും സിബില്‍ കോടതിയില്‍ പറഞ്ഞു. മാത്രമല്ല, ഗവര്‍ണറുടെ നടപടി പക്ഷപാതപരവും ദുരുദ്ദേശം നിറഞ്ഞതും എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തുന്നതുമാണെന്നും അദ്ദേഹം ആരോപിച്ചു.
അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതിന്റെ സാംഗത്യമാണ് എന്‍സിപിയുടെ അഭിഭാഷകനായ അഭിഷേക് സിങ്വി ചോദ്യം ചെയ്തത്. അജിത് പവാറിനെ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും പുറത്താക്കിയ പ്രമേയത്തില്‍ പാര്‍ട്ടിയുടെ 54 എംഎല്‍എമാരില്‍ 41 പേരും ഒപ്പ് വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചതെന്നും സിങ്വി ചോദിച്ചു.
അതേസമയം ഞായറാഴ്ച സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബിജെപിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രൊഹാത്ഗി തന്റെ വാദം ആരംഭിച്ചത്. കോടതി ഈ ഹര്‍ജി പരിഗണിക്കരുതെന്നും അദ്ദേഹം വാദിച്ചു.
ഗവര്‍ണര്‍ക്കും രാഷ്ട്രപതിയ്ക്കുമാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരമെന്നും അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുക എന്നത് കോടതികളുടെ അധികാര പരിധിയ്ക്കുള്ളില്‍ അല്ലെന്നും മുകുള്‍ രൊഹാത്ഗി വാദിച്ചു. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്നതാണിവിടുത്തെ പരിഗണനാ വിഷയം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.