ഓണ്‍ലൈന്‍ സ്വതന്ത്ര വിജ്ഞാനകോശം വിക്കിപീഡിയ വായനക്കാരോട് സാമ്പത്തിക സഹായം തേടി രംഗത്ത്. ഇന്ത്യയിലെ വായനക്കാരോട് എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വിക്കിപീഡിയ ഡോണേഷന്‍ ആവശ്യപ്പെടുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചു.
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ മുന്നോട്ട് വന്ന കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. എന്നാല്‍ ഇക്കാലത്ത് ഇത് വാണിജ്യവത്കരിക്കാതെ മുന്നോട്ടുപോകാന്‍ വായനക്കാരുടെ ഡൊണേഷന്‍ ആവശ്യമാണെന്നും, ആയതിനാല്‍ എല്ലാവരും ഉദാരമായ സംഭാവന നല്‍കണമെന്നും വിക്കിപീഡിയ ആവശ്യപ്പെടുന്നു.
ലോകമെമ്പാടുമുള്ള വായനക്കാരില്‍നിന്ന് വിക്കിപീഡിയയ്ക്ക് പ്രതിവര്‍ഷം സംഭാവന ലഭിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള വായനക്കാരില്‍ ഭൂരിഭാഗവും ഇത് നല്‍കാറില്ല എന്നതാണ് സത്യം. 98 ശതമാനം പേരും ഇന്ത്യയില്‍ നിന്ന് സംഭാവന നല്‍കാറില്ലെന്ന് വിക്കിപീഡിയ തന്നെ വ്യക്തമാക്കുന്നു.
അറിവിനെ ഇഷ്ടപ്പെടുന്നവരെയും വിജ്ഞാനപ്രദമായ അറിവുകള്‍ പങ്കുവെയ്ക്കുന്നവരെയും വായനക്കാരെയും ഒരുമിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ വിക്കിപീഡിയയ്ക്ക് വരുംവര്‍ഷങ്ങളിലും ഇതേപോലെ മുന്നോട്ടുപോകാന്‍ സംഭാവനകള്‍ ആവശ്യമാണെന്ന് കുറിപ്പിലൂടെ വിക്കിപീഡിയ ഓര്‍മിപ്പിക്കുന്നു.