പി.എസ്.സി ചോദ്യപേപ്പര്‍ മുന്‍കൂട്ടി തയ്യാറാക്കി നല്‍കുന്ന പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ ചോദ്യ പേപ്പര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഇത്തരത്തില്‍ ചോദ്യങ്ങള്‍ മുന്‍ കൂട്ടി അറിഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് രഹസ്യ വിവരങ്ങള്‍ നല്‍കാറുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിലാവും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് റെയ്ഡ് നടത്തുക.
പരീക്ഷാ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നതായി ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുഭരണ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാത്രമല്ല പരാതി സ്ഥിരീകരീച്ച പി.എസ്.സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിലെ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതെന്ന് നേരത്തെ തന്നെ പി.എസ്.സിക്ക് വിവരം ലഭിച്ചിരുന്നു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പി.എസ്.സിയും പൊതുഭരണ സെക്രട്ടറിക്ക് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.